കണ്ണൂർ: ഭൂരിഭാഗം സ്വകാര്യ ബസുകളും തിരഞ്ഞെടുപ്പ് സംബന്ധമായ സർവ്വീസ് നടത്തിയതോടെ വലഞ്ഞത് യാത്രക്കാർ. ഒപ്പം നഗരത്തിൽ ഗതാഗതകുരുക്കും രൂക്ഷമായത് യാത്രക്കാർ മണിക്കൂറുകളോളം പെരുവഴിയിലായി.

മിക്ക റൂട്ടുകളിലും ചുരുക്കം ചില ബസുകൾ മാത്രമാണ് സർവ്വീസിനുണ്ടായത്. ദീർഘനേരം ബസ് സ്റ്റോപ്പുകളിൽ കാത്തുനിന്ന് കിട്ടിയ ബസിൽ കയറിയ യാത്രക്കാർക്ക് ഗതാഗതക്കുരുക്കുമായപ്പോൾ ലക്ഷ്യസ്ഥാനത്തെത്തുവാൻ ഏറെ വൈകി.

പൊതുവെ മലയോര മേഖലകളിൽ സർവീസ് വളരെ കുറവാണ്. നിശ്ചിത സമയം കൂടുമ്പോൾ മാത്രമാണ് ബസുകളെത്തുന്നത്. ഈ സാഹചര്യത്തിൽ ഈ പ്രദേശങ്ങളിൽ സർവീസ് നടത്തുന്ന ബസുകളും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയതോടെ പലർക്കും ജോലിസ്ഥലങ്ങളിൽ എത്താൻ സാധിച്ചില്ല. അതേസമയം,​ സ്വകാര്യ വാഹനങ്ങളുള്ളവർ തങ്ങളുടെ വാഹനം കൂടുതലായി നിരത്തിലിറക്കിയതാണ് വലിയ ഗതാഗതകുരുക്കിന് ഇടയാക്കിയത്.

കണ്ണൂർ താഴെ ചൊവ്വ മുതൽ കണ്ണോത്തുംചാൽ വരെയും വളപട്ടണം മുതൽ പുതിയതെരു വരെയും മണിക്കൂറുകളാണ് വാഹനങ്ങൾ കുരുങ്ങിക്കിടന്നത്. പോളിംഗ് സാമഗ്രികൾ വിതരണം നടക്കുന്ന പള്ളിക്കുന്ന് കൃഷ്ണമോനോൻ വനിത കോളേജിനു സമീപം സ്വകാര്യ വാഹനങ്ങൾ നിർത്തിയിട്ടതും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് നിരവധി വാഹനങ്ങൾ എത്തിയതും കുരുക്ക് ഇരട്ടിപ്പിച്ചു.