election
ഇടതുമുന്നണിയുടെ കാഞ്ഞങ്ങാട് മണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ സ്ഥാനാർത്ഥി ഇ ചന്ദ്രശേഖരൻ മുന്നണി ചെയർമാൻ വികെ രാജനും ജനറൽ കൺവീനർ കെ വി കൃഷ്ണനുമൊപ്പം

കണ്ണൂർ : വോട്ടെടുപ്പ് തലേന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിവസമാണെങ്കിലും സ്ഥാനാർത്ഥികളാരും എവിടെയും അടച്ചിരിക്കുകയായിരുന്നില്ല. തിരക്കിനിടയിൽ നേരിട്ട് കാണാതെ പോയവരെയും ഒഴിവായി പോയവരെയും നേരിൽ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള പാച്ചലിലായിരുന്നു മിക്കവരും. സ്ഥാനാർത്ഥി തനിച്ചും ചെറുസംഘങ്ങളുമായുമാണ് രഹസ്യ സന്ദർശങ്ങൾ നടത്തിയത്.

ധർമ്മടം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലത്തിലെ ലോക്കൽതലങ്ങളിൽ ഇടതുമുന്നണി നേതാക്കളുമായി പ്രവർത്തനങ്ങൾ വിലയിരുത്തി. പോളിംഗ് സ്റ്റേഷനിലെ ക്രമീകരണങ്ങളെ കുറിച്ചും മറ്റും പ്രാദേശിക നേതാക്കളോട് ആരാഞ്ഞു. മുഴുവൻ വോട്ടർമാരെയും ബൂത്തിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്താനും നിർദേശം നൽകി. മേഖലാ കമ്മിറ്റി ഓഫീസുകളിലും സന്ദർശനം നടത്തി. കിടപ്പുരോഗികളെയും മറ്റും മുഖ്യമന്ത്രി വീടുകളിൽ സന്ദർശിച്ചു. സി.പി.ഐ സംസ്ഥാന നിർവാഹക സമിതി അംഗം സി. എൻ. ചന്ദ്രൻ,മണ്ഡലം പ്രതിനിധി പി. ബാലൻ, സി.പി. എം പിണറായി ഏരിയാ സെക്രട്ടറി കെ. ശശിധരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

യു.ഡി. എഫ് സ്ഥാനാർത്ഥി സി. രഘുനാഥ് മണ്ഡലത്തിലെ പ്രധാന നേതാക്കളുമായി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തി. എതിരാളികളുടെ ഭീഷണി നേരിടുന്ന ബൂത്തുകളിൽ കർശന സുരക്ഷ വേണമെന്ന് പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ധർമ്മടം മണ്ഡലം എൻ.ഡി. എ സ്ഥാനാർത്ഥി സി.കെ. പത്മനാഭൻ മണ്ഡലത്തിലെ ഒഴിഞ്ഞു പോയവരെ ഫോണിൽ വിളിച്ചും മറ്റും വോട്ട് അഭ്യർഥിച്ചു.

കണ്ണൂർ മണ്ഡലം എൽ.ഡി. എഫ് സ്ഥാനാർത്ഥി രാമചന്ദ്രൻ കടന്നപ്പള്ളി മണ്ഡലത്തിലെ പ്രധാന മേഖലകൾ സന്ദർശിച്ച് പ്രവർത്തകരുമായി ആശയവിനിമയം നടത്തി. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി നേതാക്കളുമായി പ്രവർത്തനങ്ങൾ വിലയിരുത്തി. യു.ഡി. എഫ് സ്ഥാനാർത്ഥി സതീശൻ പാച്ചേനിയും മണ്ഡലത്തിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. യു.ഡി. എഫ് തിരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റി ഓഫീസിലെത്തി പ്രവർത്തകരെയും മറ്റും നേരിൽ കണ്ടു. എൻ.ഡി. എ സ്ഥാനാർഥി അർച്ചന വണ്ടിച്ചാലും കണ്ണൂരിലെ പ്രവർത്തകരുടെ വീടുകൾ സന്ദർശിച്ചു.

കാഞ്ഞങ്ങാട് മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി മന്ത്രി ഇ ചന്ദ്രശേഖരൻ കള്ളാറിൽ രോഗാവസ്ഥയിൽ കഴിയുന്ന സിപിഎം പ്രവർത്തകൻ ജോസിനെ കാണാനാണ് ആദ്യം പോയത്. പിന്നീട് കാഞ്ഞങ്ങാട് നഗരസഭയിലെ ഡോക്ടർമാർ,അഭിഭാഷകർ എന്നിവരെ കണ്ടു. യു.ഡി.എഫ് സ്ഥാനാർത്ഥി പി .വി. സുരേഷും ഇന്നലെ കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചാണ് പ്രചാരണം നടത്തിയത്. മത്സ്യ മാർക്കറ്റിൽ മത്സ്യ വിൽപനക്കാരെയും മത്സ്യം വാങ്ങാനെത്തിയവരെയും ഉൾപ്പെടെ കണ്ടു. എൻ.ഡി.എ സ്ഥാനാർത്ഥി എം. ബൽരാജ് പുഞ്ചാവി , കാഞ്ഞങ്ങാട് സൗത്ത് ,കൊവ്വൽ സ്റ്റോർ എന്നിവിടങ്ങളിൽ വ്യക്തികളെ കണ്ട് വോട്ടഭ്യർത്ഥിച്ചു. പിന്നീട് കാഞ്ഞങ്ങാട് നഗരസഭ കാര്യാലയ പരിസരങ്ങളിലായിരുന്നു സ്ഥാനാർത്ഥിയുടെ വോട്ടു തേടൽ.

പേരാവൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.സണ്ണി ജോസഫ് ഇന്ന് കല്യാണ വീടുകളിലും മരണ വീടുകളിലും സന്ദർശിച്ചു. നിശബ്ദ്ദ പ്രചാരണ ദിവസമായതിനാൽ വോട്ടർമാരെ ഫോണിലൂടെ ബന്ധപ്പെട്ടാണ് കൂടുതലായി വോട്ടഭ്യർത്ഥിച്ചത്. വോട്ടെടുപ്പ് സുഗമമാക്കുവാനും കള്ളവോട്ട് തടയുവാനും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് റിട്ടേണിങ്ങ് ഓഫീസറോടും ബന്ധപ്പെട്ട പോലീസ് ഉന്നത ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു.