vazhunnoradi-1
വാഴുന്നോറടി ശുദ്ധജല പദ്ധതി

കാഞ്ഞങ്ങാട്: ബിൽ അടയ്ക്കാതെ കോടികൾ ചെലവഴിച്ച വാഴുന്നോറടി ശുദ്ധജല പദ്ധതിയുടെ 'ഫ്യൂസ്' വൈദ്യുതി വകുപ്പ് ഊരി. ഇതോടെ പൊതുടാപ്പിലൂടെയുള്ള കുടിവെള്ളവിതരണം മുടങ്ങി.

40,000 രൂപയാണ് വൈദ്യുതി ബിൽ. ഇത് അടയ്ക്കാതെ വന്നതോടെ പദ്ധതിയുടെ ഫ്യൂസ് വൈദ്യുതി വകുപ്പ് ഊരുകയായിരുന്നു. 15 വർഷം മുൻപ് തുടങ്ങിയതാണ് വാഴുന്നോറടി കുടിവെള്ള പദ്ധതി. കമ്മിഷൻ ചെയ്ത് രണ്ടു വർഷം കഴിഞ്ഞിട്ടും പദ്ധതി പൂർണമായി നടപ്പിലാക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. പൊതുടാപ്പുകളിൽ കൂടി മാത്രമാണ് ഇപ്പോൾ കുടിവെള്ള വിതരണം. വീടുകളിലേക്ക് കണക്ഷൻ നൽകാനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നഗരസഭയിലെ 6 വാർഡുകളിലെ ശുദ്ധജല പ്രശ്‌നം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തത്.

ഗുണഭോക്തൃ സമിതിയാണ് വൈദ്യുതി ബിൽ അടയ്‌ക്കേണ്ടത്. പൊതുടാപ്പിൽ നിന്നു വെള്ളമെടുക്കുന്ന ആരാണ് പണം നൽകുകയെന്ന് സമിതി ഭാരവാഹികൾ ചോദിക്കുന്നു. വീടുകളിലേക്ക് കണക്ഷൻ കൊടുത്താൽ മാത്രമേ പദ്ധതിയിൽ നിന്നു പണം കിട്ടൂ. എന്നാൽ വീടുകളിലേക്ക് കണക്ഷൻ നൽകാനുള്ള നടപടി ഇഴഞ്ഞുനീങ്ങുകയാണ്. ഇതിനു പുറമേ ട്രാൻസ്‌ഫോമർ സ്ഥാപിക്കാത്തതു ശുദ്ധജല പദ്ധതിക്ക് ഭീഷണിയാണ്. വോൾട്ടേജ് ക്ഷാമം കാരണം നിലവിൽ ജലസംഭരണിയിലേക്ക് വെള്ളം പമ്പു ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്.

വൈദ്യുതി ചാർജ്ജിനത്തിൽ അടക്കേണ്ട തുക ഉടൻ അടക്കും. ഗുണഭോക്താക്കൾക്ക് വെള്ളം സുഗമമായി കിട്ടാനുള്ള നടപടി സ്വീകരിക്കും -വാർഡ് കൗൺസിലർ രാധാകൃഷ്ണൻ പള്ളിക്കൈ.