election
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണൂർ മുൻസിപ്പൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വോട്ടിംഗ് സാമഗ്രകളുമായി ബൂത്തിലേക്ക് യാത്രയാകുന്ന ഉദ്യോഗസ്ഥർ.

കൂടുതൽ വോട്ടർമാർ തളിപ്പറമ്പിൽ - 2,13096

കുറവ് കണ്ണൂരിൽ -1,73961

കണ്ണൂർ: പതിനൊന്ന് നിയോജകമണ്ഡലങ്ങളിലായി 2061041 വോട്ടർമാർ കണ്ണൂർ ജില്ലയിൽ ഇന്ന് വോട്ടവകാശത്തിന് ബൂത്തുകളിലെത്തും. പ്രശ്‌ന രഹിതമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനായി പോലിസ് സേനയ്ക്കു പുറമെ കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്. വോട്ടെടുപ്പ് നിരീക്ഷണത്തിനായി ബൂത്തുകളിൽ മൈക്രോ ഒബ്‌സർവർമാരെയും സഹായി വോട്ടുകൾ നിരീക്ഷിക്കുന്നതിനായി അസിസ്റ്റഡ് വോട്ട് മോണിറ്റർമാരെയും നിയമിച്ചിട്ടുണ്ട്.
സുതാര്യമായ വോട്ടെടുപ്പ് ഉറപ്പുവരുത്തുന്നതിനായി ജില്ലയിലെ മുഴുവൻ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ഒരുക്കിയ കൺട്രോൾ റൂമിൽ വച്ച് തെരഞ്ഞെടുപ്പ് നിരീക്ഷകർ ഉൾപ്പെടെയുള്ളവർ ജില്ലയിലെ വോട്ടെടുപ്പ് നിരീക്ഷിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ജനറൽ വോട്ടർമാർ മുഴുവൻ വോട്ട് ചെയ്ത ശേഷമാണ് കൊവിഡ് ബാധിതരും ക്വാറന്റൈനിൽ കഴിയുന്നവരും വോട്ട് ചെയ്യേണ്ടത്. കൊവിഡ്/ക്വാറന്റൈൻ വോട്ടർമാർ വൈകിട്ട് ആറിനും ഏഴിനും ഇടയിൽ പോളിംഗ് ബൂത്തിൽ എത്തിച്ചേരണം. ജനറൽ വോട്ടർമാർ ഏഴു മണിക്ക് മുമ്പായി വോട്ട് ചെയ്ത് തീരാത്തപക്ഷം ഏഴ് മണിക്ക് മുമ്പ് ക്യൂവിൽ നിൽക്കുന്നവർക്ക് ടോക്കൺ നൽകും. ടോക്കൺ ലഭിച്ചവർ മുഴുവൻ വോട്ട് ചെയ്ത ശേഷം കൊവിഡ്/ ക്വാറന്റൈൻ വോട്ടർമാർക്ക് വോട്ട് ചെയ്യാൻ അവസരമൊരുക്കും.

ആകെ വോട്ടർമാർ 2061041

സ്ത്രീകൾ 1088355

പുരുഷന്മാർ 972672

ഭിന്നലിംഗക്കാർ 14

ഇ.വി.എം കൺട്രോൾ യൂണിറ്റുകൾ3915

11 മണ്ഡലം ;3137 പോളിംഗ് കേന്ദ്രങ്ങൾ
11 നിയോജകമണ്ഡലങ്ങളിലായി 3137 പോളിംഗ് കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. കൊവിഡ് പശ്ചാത്തലത്തിൽ ജില്ലയിൽ പോളിംഗ് ഡ്യൂട്ടിക്ക് 12548 പോളിംഗ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. റിസർവ് ആയി 788 പേരെയും നിയോഗിച്ചിട്ടുണ്ട്. കൊവിഡ് പ്രോട്ടോകോൾ ഉറപ്പുവരുത്തുന്നതിനായി രണ്ട് വീതം പോളിംഗ് അസിസ്റ്റന്റുമാരെയും എല്ലാ കേന്ദ്രത്തിലും നിയോഗിച്ചിട്ടുണ്ട്. ജില്ലയിൽ 55 മൈക്രോ ഒബ്‌സർവ്വർമാരെയും ഓരോ നിയോജക മണ്ഡലത്തിലും 60 വീതം അസിസ്റ്റഡ് വോട്ട് മോണിറ്റർമാരെയും നിയോഗിച്ചിട്ടുണ്ട്.

മാസ്കിട്ട്, ഗ്യാപിട്ട് വോട്ട്
മാസ്‌ക് ധാരണം, സാനിറ്റൈസർ ഉപയോഗം, സാമൂഹ്യ അകലം പാലിക്കൽ ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടായിരിക്കണം വോട്ട് ചെയ്യേണ്ടത്. വോട്ട് ചെയ്യാനെത്തുന്നവർക്കായി ബൂത്തിന്റെ പ്രവേശന കവാടത്തിൽ സാനിറ്റൈസർ വിതരണത്തിന് സംവിധാനമൊരുക്കും. കൊവിഡ്/ ക്വാറന്റൈൻ വോട്ടർമാർ പിപിഇ കിറ്റ് ധരിച്ചാണ് വോട്ട് ചെയ്യനാനെത്തേണ്ടത്.