കാസർകോട്: കുത്തേറ്റ് പാടി എതിർത്തോട് സ്വദേശിക്ക് ഗുരുതരം. സംഭവത്തിൽ അയൽവാസിയായ യുവാവിനെ വിദ്യാനഗർ സി.ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തു. പാടി എതിർത്തോടിലെ സി.എച്ച് രാഘവി (60)നാണ് കുത്തേറ്റത്. മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ എതിർത്തോട് ഹൗസിൽ ഇ. രഞ്ജിത്ത് (24) ആണ് അറസ്റ്റിലായത്. രഞ്ജിത്തും രാഘവയുടെ മകനും വീടിന് സമീപം മദ്യപിക്കുന്നതിനിടെ രാഘവ് എതിർത്തിരുന്നു. അതിനിടെ വാക്കത്തികൊണ്ട് രഞ്ജിത്ത് രാഘവയുടെ നെഞ്ചിനും കഴുത്തിനും കാലിനും കുത്തുകയായിരുന്നു. ഉടൻ തന്നെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ മംഗളൂരുവിലേക്ക് മാറ്റി. കഴിഞ്ഞ രാത്രി പത്തരയോടെയാണ് സംഭവം. വിവരമറിഞ്ഞെത്തിയ പൊലീസ് രഞ്ജിത്തിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ വൈകിട്ട് കുമ്പളയിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്.