കണ്ണൂർ: ധർമ്മടം മണ്ഡലത്തിലെ മമ്പറത്ത് സ്ഥാപിച്ച മുഖ്യമന്ത്രിയുടെ കട്ടൗട്ടിലെ തല വെട്ടിമാറ്റിയ നടപടി പ്രാകൃതവും പ്രതിഷേധാർഹവുമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.

എൽ.ഡി.എഫ് ജില്ലയിൽ മികച്ച വിജയം നേടുമെന്നായപ്പോൾ അപവാദപ്രചരണങ്ങളും, എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് നേരെയുള്ള വ്യക്തിഹത്യയും, പ്രചരണ ബോർഡുകൾ നശിപ്പിക്കലുമാണ് യു.ഡി.എഫും, ബി.ജെ.പിയും നടത്തിക്കൊണ്ടിരിക്കുന്നത്. അപവാദ വ്യവസായങ്ങളും അക്രമവുമാണ് പരാജയഭീതിയിൽ നിന്ന് ഇക്കൂട്ടർ സംഘടിപ്പിക്കുന്നത്. ഇത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനവും ക്രിമിനൽ കുറ്റവുമാണ്. പൊലീസും തിരഞ്ഞെടുപ്പ് അധികൃതരും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സെക്രട്ടേറിയറ്റ് അഭ്യർത്ഥിച്ചു.

ബോധപൂർവം പ്രകോപനം

സൃഷ്ടിക്കാനുള്ള നീക്കം: സി.പി.ഐ
കണ്ണൂർ: തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ധർമ്മടം മണ്ഡലത്തിലെ മമ്പറം പാലത്തിന് സമീപം സ്ഥാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റിയ സംഭവത്തിൽ സി.പി.ഐ കണ്ണൂർ ജില്ലാ എക്സിക്യുട്ടീവ് പ്രതിഷേധിച്ചു. തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ അവസാന മണിക്കൂറുകളിൽ പ്രകോപനം സൃഷ്ടിച്ച് കുഴപ്പങ്ങൾ ഉണ്ടാക്കുന്നതിനുള്ള ബോധപൂർവമായ നീക്കമാണിത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സ്ഥലം സന്ദർശിച്ച സി.പി.ഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ സി.പി മുരളി, സംസ്ഥാന എക്സി. അംഗം സി.എൻ ചന്ദ്രൻ, ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ്‌കുമാർ എന്നിവർ ആവശ്യപ്പെട്ടു.