പാനൂർ: കൂത്തുപറമ്പ് നിയമസഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. മോഹനനും യു.ഡി.എഫ് സ്ഥാനാർത്ഥി പൊട്ടങ്കണ്ടി അബ്ദുള്ളയും അവരുടെ ബൂത്തുകളിൽ ആദ്യവോട്ടർമാരായി.
പതിവു പോലെ പുത്തൂർ എൽ.പി സ്ക്കൂളിലെ 83-ാം നമ്പർ ബൂത്തിൽ ആദ്യവോട്ടുചെയ്യാൻ കാലത്ത് ഏഴു മണിക്ക് മുമ്പ് തന്നെ മോഹനൻ ക്യൂവിൽ നിൽക്കുകയായിരുന്നു. മോഹനന്റെ പിതാവ് മുൻ മന്ത്രി പി.ആർ. കുറുപ്പ് മത്സര രംഗത്തുണ്ടായിരുന്നപ്പോൾ അദ്ദേഹമായിരുന്നു പതിവായി ആദ്യം ഈ ബൂത്തിൽ വോട്ടുചെയ്തിരുന്നത്.
കൂത്തുപറമ്പിൽ നല്ല ഭൂരിപക്ഷത്തോടെ താൻ വിജയിക്കുമെന്ന് മോഹനൻ വാർത്താലേഖകരോട് പറഞ്ഞു. കേരളത്തിൽ പിണറായിയുടെ നേതൃത്വത്തിൽ ഇടതുസർക്കാർ നിലവിൽ വരുമെന്ന കാര്യത്തിൽ സംശയമില്ലെന്നും എൽ.ഡി.എഫിന് അനുകൂലമായ വിധിയെഴുത്തുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പൊട്ടക്കണ്ടി അബ്ദുള്ള കടവത്തൂർ വെസ്റ്റ് യു.പി സ്കൂളിലെ 125-ാം ബൂത്തിലെ ആദ്യവോട്ടു രേഖപ്പെടുത്തി.ഇക്കുറി മണ്ഡലം യു.ഡി.എഫ് തിരിച്ചു പിടിക്കുമെന്നദ്ദേഹം വ്യക്തമാക്കി. എൻ.ഡി.എ. സ്ഥാനാർത്ഥി സി. സദാനന്ദന് ഇത്തവണ തൃശൂരിലായിരുന്നു വോട്ട്.