കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിൽ കനത്ത പോളിംഗ്. ഇടത് കോട്ടയായ തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മത്സര രംഗത്തുവന്നതോടെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിലും ശക്തമായ വോട്ടെടുപ്പാണ് നടന്നത്. എൻ.ഡി.എ കേന്ദ്രങ്ങളിലും യു.ഡി.എഫ്, എൽ.ഡി.എഫ് കേന്ദ്രങ്ങളിലും മെച്ചപ്പെട്ട പോളിംഗ് ആയിരുന്നു. എ.കെ.എം അഷറഫും വി.വി. രമേശനുമാണ് ഇവിടെ സുരേന്ദ്രന്റെ എതിരാളികൾ. എല്ലാ ബൂത്തുകളിലും രാവിലെ മുതൽ വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായിരുന്നു.
മന്ത്രി ഇ. ചന്ദ്രശേഖരൻ ജനവിധി തേടുന്ന കാഞ്ഞങ്ങാട് മണ്ഡലവും കനത്ത പോളിംഗിൽ കുതിച്ചപ്പോൾ മുസ്ലിംലീഗിന്റെ പ്രസ്റ്റീജ് മണ്ഡലമെന്ന് വിശേഷിപ്പിക്കുന്ന കാസർകോട് മണ്ഡലത്തിലെ പോളിംഗ് കുറവ് യു.ഡി.എഫിനെ ഞെട്ടിച്ചിട്ടുണ്ട്. ലീഗ് കേന്ദ്രങ്ങളിൽ വോട്ടെടുപ്പ് മന്ദഗതിയിലാണ് നടന്നത്. വോട്ടർമാരുടെ നീണ്ടനിരയും കുറവായിരുന്നു. മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് നാല് മണിവരെയും അഞ്ചു ശതമാനം കുറവായാണ് കാസർകോട് പോളിംഗ് രേഖപ്പെടുത്തിയത്. എൻ.ഡി.എയുടെ അഡ്വ. കെ. ശ്രീകാന്തും എൽ.ഡി.എഫിലെ എം.എ. ലത്തീഫുമാണ് ഇവിടെ മറ്റു സ്ഥാനാർത്ഥികൾ. തൃക്കരിപ്പൂർ ,മണ്ഡലത്തിലെ പിലിക്കോട് പഞ്ചായത്തിലെ വെള്ളച്ചാൽ ബൂത്തിൽ യു.ഡി.എഫ് പോളിംഗ് ഏജന്റ് കേരള കോൺഗ്രസ് കാസർകോട് ജില്ലാ സെക്രട്ടറിയുമായ ജെയിംസ് മാരൂരിനെ ആക്രമിച്ചു. സ്ഥാനാർഥി എം.പി. ജോസഫിന്റെ ഏജന്റായിരുന്ന ജെയിംസ് മാത്രമാണ് ബൂത്തിൽ ഉണ്ടായിരുന്നത്. ഇയാളെ തൃക്കരിപ്പൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുല്ലൂർ 172 നമ്പർ ബൂത്തിൽ കന്നിവോട്ട് ചെയ്യാനെത്തിയ കെ. മിഥുൻ, എൻ. നിഖില എന്നിവരുടെ വോട്ടുകൾ പോസ്റ്റൽ വോട്ടുകളുടെ പട്ടികയിൽ രേഖപ്പെടുത്തിയതായി കാണപെട്ടതിനാൽ വോട്ട് ചെയ്യാനായില്ല. നേരത്തെ ഇരട്ട വോട്ടുകൾ ആരോപണം ഉണ്ടായതും ഇതേ പഞ്ചായത്തിലാണ്. ആദ്യമണിക്കൂറിൽ തന്നെ ജില്ലയിൽ 2.15 ശതമാനം പേരും രണ്ടുമണിക്കൂറിൽ 7.48 ശതമാനവും മൂന്നാം മണിക്കൂറിൽ 15.82 ശതമാനം പേരും വോട്ട് ചെയ്തു. ഉച്ചക്ക് രണ്ടുമണിയോടെ 50 ശതമാനം പേർ ജില്ലയിൽ വോട്ട് രേഖപ്പെടുത്തിയിരുന്നു. 2016 ൽ മഞ്ചേശ്വരം മണ്ഡലത്തിൽ 76.19 ശതമാനവും കാസർകോട് 76.38 ശതമാനവും ഉദുമയിൽ 80.18 ശതമാനവും ആണ് പോളിംഗ്. കാഞ്ഞങ്ങാട് മണ്ഡലത്തിൽ 78 ശതമാനവും തൃക്കരിപ്പൂരിൽ 81.48 ശതമാനം പേരും വോട്ട് ചെയ്തിരുന്നു. മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിലായി ആകെ 1591 ബൂത്തുകളാണ് നിയമസഭാ തിരഞ്ഞെടുപ്പിനായി ഒരുക്കിയത്. ആകെ 10,59,967 വോട്ടർമാരാണുള്ളത്. ഇതിൽ പൊതുവോട്ടർമാരും പ്രവാസി വോട്ടർമാരും ഉൾപെടെ 10,58,337 പേരും 1630 സർവീസ് വോട്ടർമാരുമാണുള്ളത്. ആകെ വോട്ടർമാരിൽ 5,18,501 പേർ പുരുഷന്മാരും 5,41,460 പേർ സ്ത്രീകളും ആറ് പേർ ഭിന്നലിംഗക്കാരുമാണ്.