കാസർകോട്: മഞ്ചേശ്വരം മണ്ഡലത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ 2000 വോട്ടിന് ജയിക്കുമെന്ന് അമിത് ഷാ ആവിഷ്കരിച്ച ശക്തികേന്ദ്രയുടെ വിലയിരുത്തൽ. ബൂത്തുതലത്തിൽ നിന്നുള്ള ശക്തികേന്ദ്ര പ്രവർത്തകരാണ് ഇതുസംബന്ധിച്ച യോഗത്തിൽ വിജയം ഉറപ്പ് നൽകിയത്. വോട്ടെടുപ്പിന് തൊട്ടുമുമ്പായിരുന്നു വിലയിരുത്തൽ.
അതിർത്തിയിൽ ഉൾപ്പെടെ ബി.ജെ.പി കേന്ദ്രങ്ങളിൽ രാവിലെ മുതലുണ്ടായ കനത്ത പോളിംഗും ഈ സൂചനയാണ് നൽകുന്നത്. സി.പി.എം ഇത്തവണ യു.ഡി.എഫിന് വോട്ടുമറിക്കില്ലെന്നതാണ് വിജയസാദ്ധ്യതയ്ക്ക് പിന്നിലുള്ള പ്രധാന കാരണമായി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്.
കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും സുരേന്ദ്രന്റെ ജയസാധ്യത സംബന്ധിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. 89 വോട്ടിന് 2016 ൽ തോറ്റ കെ. സുരേന്ദ്രനോട് മണ്ഡലത്തിലെ എല്ലാവിഭാഗം ജനങ്ങൾക്കും സഹതാപം ഉണ്ടെന്നും അത് അനുകൂല വോട്ടായി മാറുമെന്നും ശക്തികേന്ദ്ര വിലയിരുത്തുന്നു. വീടുകളിൽ പ്രചാരണത്തിന് പോയ ബി.ജെ.പി നേതാക്കളോട് വോട്ടർമാർ ഇക്കാര്യം തുറന്നുപറഞ്ഞിരുന്നുവെന്നും സുരേന്ദ്രൻ ഇവിടെ നിന്ന് നിയമസഭയിൽ എത്തണമെന്ന് ഭൂരിപക്ഷവും ആഗ്രഹിക്കുന്നുവെന്നും ബി.ജെ.പി ഉത്തരമേഖലാ വൈസ് പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി പറഞ്ഞു.
സി.പി.എം ജില്ലാ കമ്മറ്റി അംഗം വി.വി .രമേശൻ മത്സരിക്കുന്നതിനാൽ ഇത്തവണ ക്രോസ് വോട്ട് ഉണ്ടാകില്ലെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. 40000 ത്തിന് മുകളിൽ വോട്ട് എൽ.ഡി.എഫ് പിടിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ബി ജെ പിയുടെ ഹിന്ദു വോട്ടിൽ ചോർച്ച ഉണ്ടാകില്ലെന്നും 2016 ലെ പോലെ കാന്തപുരം സുന്നി വോട്ടുകൾ ലഭിക്കുമെന്നും ശക്തികേന്ദ്ര പ്രവർത്തകരുടെ റിപ്പോർട്ടിലുണ്ട്.