കണ്ണൂർ: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മന്ത്രി ഇ.പി. ജയരാജൻ അരോളി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ 51 -എ ബൂത്തിലും പി.കെ. ശ്രീമതി ചെറുതാഴം സൗത്ത് ഗവ.എൽ.പി സ്‌കൂളിലെ 769ാം നമ്പർ ബൂത്തിലും വോട്ടുചെയ്തു. തളിപ്പറമ്പ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി. ഗോവിന്ദൻ മോറാഴ സെൻട്രൽ യു.പി.സ്‌കൂളിലെ 107ാം നമ്പർ ബൂത്തിലും വോട്ട് രേഖപ്പെടുത്തി.
കണ്ണൂർ മണ്ഡലം സ്ഥാനാർത്ഥി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചെറുവിച്ചേരി ഗവ. എൽ.പി സ്‌കൂളിലെ 47-എ ബൂത്തിൽ വോട്ട് ചെയ്തു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ എം.പി ഭാര്യ സ്മിതയ്ക്കൊപ്പം കിഴുന്ന സൗത്ത് യു.പി സ്‌കൂളിലെ ബൂത്ത് നമ്പർ 132 ലെത്തി വോട്ട് രേഖപ്പെടുത്തി. ഡി.സി.സി പ്രസിഡന്റും കണ്ണൂർ മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥിയുമായ സതീശൻ പാച്ചേനി ഗവ. മുൻസിപ്പൽ ഹയർ സെക്കൻഡറി സ്‌കൂൾ ബൂത്ത് നമ്പർ 86 ലും മേയർ അഡ്വ. ടി.ഒ. മോഹനൻ കണ്ണൂക്കര ഗവ.എൽ. പി. സ്‌കൂൾ ബൂത്ത് 95 -എയിലുമെത്തി വോട്ട് രേഖപ്പെടുത്തി.
കഥാകൃത്ത് ടി. പദ്മനാഭൻ രാമതെരു വോയ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. എൻ.ഡി.എ ധർമ്മടം മണ്ഡലം സ്ഥാനാർത്ഥിയും ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗവുമായ സി.കെ. പത്മനാഭൻ അഴീക്കോട് സ്കൂളിലും ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് തലശേരി വലിയമാടാവിൽ യു.പി സ്കൂളിലും വോട്ട് രേഖപ്പെടുത്തി.