vote

കാസർകോട്: ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായി മത്സരരംഗത്തുള്ള പതിനഞ്ച് മുന്നണി സ്ഥാനാർത്ഥികളിൽ സ്വന്തം പേരിൽ വോട്ട് ചെയ്യാനായത് ഏഴു പേർക്ക്. യു.ഡി.എഫ് സ്ഥാനാർത്ഥികളായ മഞ്ചേശ്വരത്തെ എ.കെ.എം അഷ്‌റഫ്, കാസർകോട്ടെ എൻ.എ. നെല്ലിക്കുന്ന്, കാഞ്ഞങ്ങാട്ടെ പി.വി. സുരേഷ്, ഉദുമയിലെ ബാലകൃഷ്ണൻ പെരിയ, തൃക്കരിപ്പൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. രാജഗോപാലൻ, എൻ.ഡി.എയുടെ ടി.വി. ഷിബിൻ, കാഞ്ഞങ്ങാട്ടെ എൻ.ഡി.എ സ്ഥാനാർത്ഥി എം. ബൽരാജ് എന്നിവരാണ് സ്വന്തം ചിഹ്നത്തിൽ വോട്ടു ചെയ്തത്.

മഞ്ചേശ്വരം എൻ.ഡി.എ സ്ഥാനാർത്ഥി കെ. സുരേന്ദ്രന് കോഴിക്കോട് അത്തോളി എ.യു.പി സ്കൂളിൽ ആയിരുന്നു വോട്ട്. രാവിലെ ഏഴിന് തന്നെ അദ്ദേഹം വോട്ട് ചെയ്തു. കാഞ്ഞങ്ങാട്ടെ ഇടത് സ്ഥാനാർത്ഥി മന്ത്രി ഇ. ചന്ദ്രശേഖരന് ഉദുമയിലെ കോളിയടുക്കം ഗവ. യു.പി സ്‌കൂളിലെ 33 നമ്പർ ബൂത്തിലായിരുന്നു വോട്ട്. അദ്ദേഹം രാവിലെ 7.15ന് ആറാമതായി കുടുംബസമേതം എത്തി വോട്ട്‌ ചെയ്തു.

ഉദുമ മണ്ഡലം എൽ.ഡി.എഫ്‌ സ്ഥാനാർത്ഥി സി.എച്ച്‌. കുഞ്ഞമ്പു ‌അണങ്കൂർ ജി.എൽ.പി സ്‌കൂളിലെ 156ാം ബൂത്തിലും എൻ .ഡി .എ സ്ഥാനാർത്ഥി എ. വേലായുധൻ ഗവ. ജി.എൽ. പി .എസ് വാഴക്കോട്ടും വോട്ടുരേഖപ്പെടുത്തി.