മാഹി: പുതുച്ചേരി സംസ്ഥാനത്തെ മാഹി നിയോജക മണ്ഡലത്തിൽ മൊത്തം വോട്ടർമാരായ 31,066 പേരിൽ 22 ,636 പേർ വോട്ട് രേഖപ്പെടുത്തി. 72.86 ശതമാനം. പുതുച്ചേരി സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ പോളിംഗ് നിരക്കാണ്. ഇന്നലെ രാവിലെ 7 മണിക്ക് തന്നെ 47 ബൂത്തുകളിലും വോട്ടെടുപ്പ് ആരംഭിച്ചു.
ഇക്കുറി ബൂത്തുകൾ അധികമാക്കിയതിനാൽ വോട്ടർമാരുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടില്ല. ചില സ്ഥലങ്ങളിൽ മാത്രം തിരക്കനുഭവപ്പെട്ടു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ് നടന്നത്. വോട്ടർമാർക്ക് പ്രധാന ഗേറ്റിൽ നിന്ന് തന്നെ കൈയുറകളും സാനിറ്റൈസറും നൽകി. ആരോഗ്യ പ്രവർത്തകർ വോട്ടർമാരുടെ ശരീരോഷ്മാവ് പരിശോധിച്ചാണ് വോട്ട് രേഖപ്പെടുത്തുവാൻ ബൂത്തിലേക്ക് പ്രവേശിപ്പിച്ചത്.
മാഹി നിയോജകമണ്ഡലത്തിൽ മത്സരിക്കുന്ന യു.പി.എ സ്ഥാനാർത്ഥി രമേശ് പറമ്പത്തും, ഭാര്യ നയനയും രാവിലെ 9 ന് പള്ളുർ ആലി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി. കോയ്യോട്ട് തെരു ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് ഇരുവരും വോട്ട് ചെയ്യുവാനെത്തിയത്. 30 വർഷത്തിന് ശേഷം 2016ൽ നഷ്ടപ്പെട്ട മണ്ഡലം ഇത്തവണ തിരിച്ചു പിടിക്കുമെന്ന് രമേശ് പറമ്പത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന ശുഭാപ്തി വിശ്വാസമാണുള്ളതെന്ന് ഇടത് മുന്നണി സ്വതന്ത്ര സ്ഥാനാർത്ഥി എൻ. ഹരിദാസ് മൂലക്കടവ് ഗവ. എൽ.പി. സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പറഞ്ഞു. ഭാര്യ വി.സി. പ്രസന്നകുമാരിയോടൊപ്പമാണ് ഹരിദാസ് വോട്ട് ചെയ്യുവാനെത്തിയത് ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ഇടയിൽ പീടിക ഗാന്ധി മെമ്മോറിയൽ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. മാഹിയിൽ തുടർ ഭരണമുണ്ടാകുമെന്ന് രാമചന്ദ്രൻ മാസ്റ്റർ പറഞ്ഞു
മുൻ പുതുച്ചേരി ആഭ്യന്തരമന്ത്രി ഇ. വത്സരാജ്, ഭാര്യ അരുണയോടൊപ്പം മാഹി സി.ഇ. ഭരതൻ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി. കോൺഗ്രസ് മുന്നണി വൻ ഭൂരിപക്ഷത്തോടുകൂടി വിജയിക്കുമെന്ന് വോട്ടു ചെയ്ത ശേഷം ഇ.വത്സരാജ് പറഞ്ഞു. മയ്യഴിയുടെ കഥാകാരൻ എം. മുകുന്ദൻ ഭാര്യ ശ്രീജയോടൊപ്പം മാഹി ഗവ എൽ.പി സൂകൂളിലെത്തി വോട്ടു ചെയ്തു. മാഹി നിയോജക മണ്ഡലത്തിൽ 31152 വോട്ടർമാരാണുള്ളത്. വോട്ടെടുപ്പ് 7 മണിയോടെ പൂർത്തിയാക്കിയ ശേഷം വോട്ടിംഗ് യന്ത്രങ്ങൾ വോട്ടെണ്ണൽ കേന്ദ്രമായ ജവഹർലാൽ നെഹ്റു ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ കനത്ത സുരക്ഷയിൽ സൂക്ഷിക്കും.