പയ്യന്നൂർ: കണ്ടങ്കാളി ഗവ: സ്കൂളിലെ 105 എ ബൂത്തിൽ പ്രിസൈഡിംഗ് ഓഫീസർക്ക് മർദ്ദനമേറ്റതായി പരാതി.

പാനൂർ സ്വദേശി മുഹമ്മദ് അഷറഫ് കളത്തിലിനാണ് മർദ്ദനമേറ്റത്. തലശേരി പാറാൽ ഡി.ഐ.എ കോളേജ് പ്രൊഫസറാണ് മുഹമ്മദ് അഷ്റഫ്. റേഷൻ കാർഡുമായി വോട്ട് ചെയ്യാനെത്തിയ വോട്ടറെ വോട്ട് ചെയ്യാൻ പ്രിസൈഡിംഗ് ഓഫീസർ അനുവദിച്ചില്ല. ഇതേ തുടർന്നുണ്ടായ വാക്കേറ്റത്തിനിടെയാണ് മർദ്ദനമുണ്ടായതെന്ന് പറയുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച തിരിച്ചറിയൽ രേഖകളിൽ റേഷൻ കാർഡ് ഇല്ലാത്തതിനാലാണ് വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്നതെന്ന് പ്രിസൈഡിംഗ് ഓഫീസർ പറഞ്ഞു.

സംഭവത്തെ തുടർന്ന് അരമണിക്കൂറോളം പോളിംഗ് നിർത്തിവച്ചു. മർദ്ദനമേറ്റ പ്രിസൈഡിംഗ് ഓഫീസർ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി‌. പകരം മറ്റൊരാളെ ഏർപ്പെടുത്തിയതിന് ശേഷമാണ് ഇവിടെ പോളിംഗ് ആരംഭിച്ചത്.

മണ്ഡലത്തിലെ അന്നൂർ യു.പി സ്കൂൾ ബൂത്ത് 82 ൽ യു.ഡി.എഫ് ബൂത്ത് ഏജന്റ് കെ.ടി. ഹരീഷ്, തായിനേരി സ്കൂളിലെ ബൂത്ത് 86 ലെ യു.ഡി.എഫ് ഏജന്റ് മുരളി എന്നിവരെയും മർദ്ദിച്ചതായി പരാതിയുണ്ട്. കള്ളവോട്ട് തടയാനുള്ള ശ്രമത്തിത്തിടയിൽ ആക്രമിച്ചെന്നാണ് പരാതി. ഇരുവരുടെയും കൈയിൽ നിന്ന് വോട്ടർ പട്ടിക വലിച്ചുകീറി നശിപ്പിച്ചതായും ഇവർ പറയുന്നു.