തളിപ്പറമ്പ്: മനഃപൂർവ്വം സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി വി.പി. അബ്ദുൾ റഷീദിനെതിരെ കേസെടുക്കണമെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി.ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഒന്നാം നമ്പർ ബൂത്തായ ചെറിയൂരിൽ യു.ഡി.എഫ് നേതാക്കളായ പി.വി. അബ്ദുൾ ഷുക്കൂർ, ടി. ജനാർദ്ദനൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇരച്ചു കയറി പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു. ഈ സംഘർഷാവസ്ഥ ക്കിടയിലാണ് കോൺഗ്രസ് സംഘടനാ പ്രവർത്തകൻ കൂടിയായ പ്രിസൈഡിംഗ് ഓഫീസർക്ക് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായത്. തുടർന്ന് അദ്ദേഹം ചുമതലയിൽ നിന്ന് മാറുകയായിരുന്നു.

ആന്തൂർ നഗരസഭയിലെ അയ്യങ്കോലിലുള്ള 117ാം ബൂത്തിലും പ്രവാസിയായ യഹിയ എന്ന ലീഗ് പ്രവർത്തകനെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നാരോപിച്ച് കുഴപ്പങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. തളിപ്പറമ്പ് മണ്ഡലത്തിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാൻ എനിക്കെതിരെ വീഡിയോ ഉൾപ്പെടെ നിർമ്മിച്ച് പ്രചാരണം നടത്തിയെങ്കിലും അതെല്ലാം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ഒരു തരത്തിലുള്ള പ്രശ്നങ്ങളും സൃഷ്ടിക്കാതെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്താനാണ് എൽ.ഡി.എഫ്.പ്രവർത്തകർ ശ്രമിച്ചതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.