poling

കണ്ണൂരിൽ പോളിംഗ് 77.78 %
വോട്ട് രേഖപ്പെടുത്തിയത് 16,03,097 പേർ

കണ്ണൂർ: കൊടുംചൂടും കൊവിഡ് ഭീഷണിയും വോട്ടാവേശം കെടുത്തിയില്ല. ജില്ലയിൽ വോട്ടവകാശം വിനിയോഗിച്ചത് 77.78 ശതമാനം പേർ. വോട്ടെടുപ്പ് ആരംഭിച്ചത് മുതൽ മികച്ച പോളിംഗാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. ഉച്ചയോടെ തന്നെ പോളിംഗ് 50 ശതമാനം പിന്നിട്ടു.

11 നിയോജകമണ്ഡലങ്ങളിലെ 3137 ബൂത്തുകളിലായി 16,03,095 പേർ സമ്മതിദായകാവകാശം വിനിയോഗിച്ചു. ഇതിൽ 8,58,131 പേർ (78.84%) സ്ത്രീകളും 7,44,960 പേർ (76.58%) പുരുഷന്മാരും ആറു പേർ (42.85%) ഭിന്നലിംഗക്കാരുമാണ്. തളിപ്പറമ്പ് മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് 80.94 ശതമാനം. 1,72,485 പേർ ഇവിടെ വോട്ട് ചെയ്തു. ഏറ്റവും കുറവ് തലശ്ശേരി മണ്ഡലത്തിലാണ് 73.93 ശതമാനം. ഇവിടെ 1,29,499 പേരാണ് വോട്ട് ചെയ്തത്.

ചിലയിടങ്ങളിൽ വോട്ടിംഗ് യന്ത്രത്തിനുണ്ടായ സാങ്കേതിക തകരാറുകൾ കാരണം അൽപ സമയം വോട്ടിംഗ് തടസ്സപ്പെട്ടതൊഴിച്ചാൽ പ്രശ്ന രഹിതമായിരുന്നു ജില്ലയിലെ തിരഞ്ഞെടുപ്പ്.

കൊവിഡ് പെരുമാറ്റച്ചട്ടം പാലിച്ച് നടന്ന തിരഞ്ഞെടുപ്പിൽ തെർമൽ സ്‌കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ച് കൈകൾ സാനിറ്റൈസ് ചെയ്ത ശേഷമാണ് വോട്ടർമാരെ ബൂത്തിലേക്ക് കടത്തിവിട്ടത്. വോട്ട് രേഖപ്പെടുത്തുന്നതിന് കൈയുറയും നൽകിയിരുന്നു.

80 വയസ്സ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും കൊവിഡ്/ക്വാറന്റൈൻ വോട്ടർമാർക്കും ഏർപ്പെടുത്തിയ തപാൽ വോട്ട് സംവിധാനത്തിലൂടെ ജില്ലയിൽ 34140 പേരും അവശ്യ സർവ്വീസ് മേഖലകളിൽ ജോലി ചെയ്യുന്നവർക്കായി ഏർപ്പെടുത്തിയ പോസ്റ്റൽ ബാലറ്റ് സൗകര്യം ഉപയോഗപ്പെടുത്തി 3657 പേരും നേരത്തെ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഇതിന് പുറമെ കേന്ദ്ര സുരക്ഷാ സേനകളിലും വിദേശ സർവീസിലും ജോലി ചെയ്യുന്നവർ, സംസ്ഥാനത്തിന് പുറത്ത് സേവനമനുഷ്ഠിക്കുന്ന പൊലീസ് സേനയിലുള്ളവർ എന്നിവർക്കായുള്ള സർവീസ് വോട്ടിന് 6986 പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്.


മണ്ഡലം തിരിച്ചുള്ള പോളിംഗ് കണക്ക്
പയ്യന്നൂർ 78.95%

കല്ല്യാശ്ശേരി 76.41%

തളിപ്പറമ്പ് 80.94%,

ഇരിക്കൂർ 75.63%

അഴീക്കോട് 77.89%

കണ്ണൂർ 74.94%

ധർമ്മടം 80.22%

തലശ്ശേരി 73.93%

കൂത്തുപറമ്പ് 78.14%

മട്ടന്നൂർ 79.54%

പേരാവൂർ 78.07%.