കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ അക്രമം നടത്തിയും സ്ഥാനാർത്ഥികളെ പോലും കൈയേറ്റം ചെയ്തും അസഭ്യം പറഞ്ഞും കള്ളവോട്ട് ചെയ്തും അധികാര ദുർവിനിയോഗം നടത്തിയും ജനാധിപത്യത്തെ അപഹസിക്കൽ സി.പി.എം ശൈലിയാക്കി മാറ്റുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ജില്ലയിൽ തിരഞ്ഞെടുപ്പിൽ കണ്ടതെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു.
യു.ഡി.എഫ് ബൂത്ത് ഏജന്റ്മാർക്ക് നേരെ അക്രമം നടത്തിയും പോളിംഗ് ബൂത്തുകൾ സന്ദർശിക്കാൻ പോകുന്ന സ്ഥാനാർത്ഥിയെ കൈയേറ്റം ചെയ്തും സ്ഥാനാർത്ഥികളെയും ഏജന്റ്മാരെയും അസഭ്യവർഷം കൊണ്ട് അപമാനിക്കുകയും ചെയ്യുന്ന സി.പി.എം വോട്ടർമാരോട് പോലും അസഹിഷ്ണുത കാട്ടുന്നത് നിഷ്പക്ഷമായ ജനവിധിയെ മാനിക്കുന്നില്ല എന്നതിന്റെ തെളിവാണ്.
ജില്ലയിൽ യു.ഡി.എഫ് മികച്ച വിജയം നേടും. അഞ്ചു സീറ്റിൽ വിജയം ഉറപ്പാണെന്നും രണ്ടു സീറ്റിലെ പ്രകടനം പ്രവചനാതീതമായി മാറിയിട്ടുണ്ടെന്നും സതീശൻ പാച്ചേനി അറിയിച്ചു.