ചെറുവത്തൂർ: ചെറുവത്തൂർ പഞ്ചായത്തിലെ കാരി എ.എൽ.പി സ്‌കൂളിലെ പോളിംഗ് ബൂത്തിലെ യു.ഡി.എഫ് ഏജന്റുമാരെ പോളിംഗ് അവസാനിച്ച ശേഷം തടഞ്ഞുവെച്ചതായി പരാതി. വി.പി. ഷുഹൈബ്, ടി.വി. വിജയൻ എന്നിവരെയാണ് തടഞ്ഞുവെച്ചത്. പോളിംഗ് സമയം കഴിഞ്ഞ് പുറത്തിറങ്ങാൻ നേരമാണ് സംഭവമെന്ന് യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു.
വിവരമറിഞ്ഞ് സ്ഥാനാർത്ഥി എം.പി. ജോസഫ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ എന്നിവരടങ്ങുന്ന യു.ഡി.എഫ് നേതാക്കൾ സ്ഥലത്തെത്തി പൊലീസിന്റെ സഹായത്തോടെ ഏജന്റുമാരെ പുറത്തിറക്കുകയായിരുന്നു. തുടർന്ന് ഇവരെ സ്ഥാനാർത്ഥിയുടെ കാറിൽ കയറ്റാൻ ശ്രമിക്കുന്നതിനിടയിൽ ഒരു വിഭാഗം കാറിന് നേരെ ആക്രമം അഴിച്ചുവിട്ടെന്നാണ് പരാതി. കാറിന്റെ ഗ്ലാസുകൾ തകർന്നിട്ടുണ്ട്. സ്ഥാനാർത്ഥി ജോസഫ് ചന്തേര പൊലീസിൽ പരാതി നൽകി.