കാസർകോട് : ക്യൂ നിന്ന ബി.ജെ.പി പ്രവർത്തകരെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് മഞ്ചേശ്വരം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ, ബൂത്തിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മണ്ഡലത്തിലെ കനിയാല ബൂത്തിൽ ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. ആറു മണി വരെയും ക്യൂവിൽ ഉണ്ടായിരുന്നവരെ വോട്ട് ചെയ്യാൻ അനുവദിക്കാതെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെടുപ്പ് അവസാനിപ്പിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സുരേന്ദ്രൻ ബൂത്തിനു മുന്നിൽ കുത്തിയിരുന്നത്. നിയോജകമണ്ഡലം റിട്ടേണിംഗ് ഓഫീസർ ആർ.ഒ.ഷാജി സ്ഥലത്തെത്തി സുരേന്ദ്രനുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ ആറുമണിവരെ ക്യൂവിലുണ്ടായിരുന്ന മുഴുവൻ പേരെയും വോട്ടുചെയ്യാൻ അനുവദിച്ചതോടെയാണ് പ്രശ്നം ഒത്തുതീർന്നത്.