murder

കണ്ണൂർ: പാനൂർ മുക്കിൽ പീടികയിൽ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ (22) കൊലപാതകങ്ങൾക്കിടെ നടന്നത് വൻ സംഘർഷം. കൊലപാതകത്തിന്റെ തുടർച്ചയെന്നോണം പെരിങ്ങത്തൂർ ടൗണിലും അക്രമങ്ങൾ അരങ്ങേറി. മൂന്ന് കടകൾക്ക് നേരെയാണ് അക്രമം നടന്നത്. സിറ്റി മാസ്, മുസ്തഫയുടെ ഉടമസ്ഥതയിലുള്ള സിറ്റി മാക്സ്, ഫെറ എന്നീ കടകൾക്ക് നേരെയാണ് അക്രമം നടന്നത്. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാതൃഭൂമി റിപ്പോർട്ടർ സി.കെ. വിജയൻ ഇന്ന് രാവിലെ അക്രമത്തിന് ഇരയായി. വിജയൻ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഗ്ളാസുകൾ അക്രമികൾ തകർത്തു. കൂടാതെ കാമറ പിടിച്ചുവാങ്ങി ചിത്രങ്ങൾ നശിപ്പിച്ചു. കൊലപാതകത്തിനെതിരായ ലീഗ് പ്രവർത്തകരുടെ പ്രതിഷേധമാണ് ശക്തമായി അലയടിച്ചത്.

സി.പി.എം. പ്രവർത്തകൻ സുഹൈലിന്റെ നേതൃത്വത്തിലാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. മൻസൂറിന്റെ അയൽവാസിയായ സിനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമത്തിനിടെ ലീഗ് പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് ഇയാളെ പിടികൂടി പൊലീസിന് കൈമാറിയത്. ചൊക്ളി പൊലീസ് 11 സി.പി.എം പ്രവർത്തകരുടെ പേരിൽ കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 14 ആളുകളുടെ പേരിലും കേസുണ്ട്. കേസിലെ പ്രതികളല്ലാം പ്രദേശത്തെ സി.പി.എം പ്രവർത്തകരും പ്രാദേശിക നേതാക്കളുമാണ്. ഡി.വൈ.എഫ് സംഘമാണ് അക്രമത്തിന് പിന്നിലെന്നും എല്ലാവരെയും കണ്ടാലറിയാമെന്നും അക്രമത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ മൊഹ്സിൻ പറഞ്ഞു. യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് ഏജന്റായിരുന്ന കൊല്ലപ്പെട്ട മൻസൂർ. സഹോദരൻ മുഹ്‌സിനും അക്രമത്തിൽ പരിക്കേറ്റ് കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ പ്രദേശത്ത് സി.പി.എം.-ലീഗ് സംഘർഷം ഉണ്ടായിരുന്നു. ഇതേ തുടർന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അക്രമം.

വാഹനം തടഞ്ഞ് നിർത്തി പേര് ചോദിച്ച് ഉറപ്പിച്ചായിരുന്നു ഇരുപത് അംഗ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ അക്രമിച്ചത്. മുഹ്സിനെ മർദ്ദിക്കുന്നത് കണ്ട് ഓടിയെത്തിയപ്പോൾ ഇവർ സഹോദരന് നേരെ തിരിഞ്ഞു. ബഹളം കേട്ട് നാട്ടുകാർ വന്നതോടെ സംഘം രക്ഷപ്പെടാനായി ബോംബെറിയുകയും വെട്ടുകയുമായിരുന്നു. കൊല്ലപ്പെട്ട മൻസൂറിന്റെ പിതാവ് മുസ്തഫ സി.പി.എം അനുഭാവിയാണ്. ഇയാളുടെ മുന്നിൽ വച്ചായിരുന്നു അക്രമം.