madhusoodanan

കണ്ണൂർ : സർവ്വ യുദ്ധസന്നാഹങ്ങളുമായി പോയാലും മാവോയിസ്റ്റുകളെ വളഞ്ഞ് പിടിക്കുക അതിസാഹസമാണ്. ഗ്രാമീണരായ സ്ത്രീകളെയും കുട്ടികളെയും മറയാക്കി സായുധരായ മാവോയിസ്റ്റ് സംഘം വിലപേശും. അവർ അഞ്ഞൂറ് പേരോളം വരും. സൈന്യം ചിലപ്പോൾ അത്രയും വരില്ല - ഛത്തീസ്ഗഢ് ബസ്തറിൽ സി. ആർ.പി. എഫ് ഐ.ജിആയിരുന്ന കണ്ണൂർ ധർമ്മശാല തളിയിൽ സ്വദേശി കെ.വി. മധുസൂദനൻ കേരളകൗമുദിയോട് പറഞ്ഞു.

മാവോയിസ്റ്റുകൾ ബസ്തറിൽ 22 സൈനികരെ വധിച്ച് പശ്ചാത്തലത്തിൽ അനുഭവങ്ങൾ വിവരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ അരിക്കിണ്ണം എന്നു പേരു കേട്ട സംസ്ഥാനമാണ് ഛത്തീസ് ഗഢ്. ഇന്നു കൊടിയ ദാരിദ്യമാണ് അവിടെ ഗ്രാമീണർക്ക്. ബസ്തർ, ദന്തേവാഡ, ബീജാപ്പൂർ, കൊണ്ടാഗാവ് ജില്ലകൾ പൂർണമായും മാവോയിസ്റ്റ് പിടിയിലാണ്. അവരുടെ പ്രത്യയശാസ്ത്രത്തിൽ ആകൃഷ്ടരായൊന്നുമല്ല ഗ്രാമീണർ മാവോയിസ്റ്റുകൾക്കൊപ്പം ചേരുന്നത്. ജീവിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന്റ വിധേയത്വമാണ്. മന്ത്രിമാരും ജനപ്രതിനിധികളുംയൂണിഫോം,​ തിരിഞ്ഞു നോക്കാറില്ല. ഗ്രാമീണർ എന്നും കാണുന്നത് മാവോയിസ്റ്റുകളെയാണ്.

പി.ചിദംബരം കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് സി. ആർ.പി. എഫ് കോബ്ര വിഭാഗത്തെ ബസ്തറിലേക്ക് നിയോഗിച്ചത്. ആന്ധ്രയിലെ ഗ്രേ ഹൗണ്ട്സിന്റെ മാതൃകയിലായിരുന്നു കോബ്ര. ടീമിന്റെ സ്ഥാപക ഡി. ഐ.ജിയായാണ് എന്നെ നിയമിച്ചത്. പത്ത് ക്യാമ്പുകളാണ് തുടങ്ങിയത്. പ്രസ് സ്റ്റിക്കർ പതിച്ച വാഹനത്തിൽ യൂണിഫോമില്ലാതെയാണ് കറങ്ങിയത്. സംശയം തോന്നിയാൽ മാവോയിസ്റ്റുകൾ വെടിവച്ച് കൊല്ലും.

അവിടെ സൈന്യത്തിന് മുന്തിയ പരിഗണനയുണ്ട്. അമേരിക്കയിൽ നിന്നും മറ്റും ഇറക്കുമതി ചെയ്ത യൂണിഫോമാണ് നൽകുന്നത്. മലകളും ഘോരവനങ്ങളും നിറഞ്ഞ അവിടെ ഏതുസമയവും ആക്രമിക്കപ്പെടാമെന്ന ഭീതിയിലാണ് ജോലി ചെയ്തത്.ബസ്‌തറിലെ പ്രശ്നങ്ങൾ സൈനികമായി പരിഹരിക്കാനാവില്ല. വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയാലേ പറ്റൂ. ഗോത്ര ജീവിതം ദുസ്സഹമാണ്. ഒരു ദിവസത്തെ കൂലി 40 രൂപയാണ്. സ്കൂളില്ല, റോഡില്ല, ആശുപത്രിയില്ല. വിദ്യാഭ്യാസമില്ലാത്തതിനാൽ കുട്ടികൾ മാവോയിസ്റ്റുകൾക്കൊപ്പം കൂടും.

സൈനികരുമായി ആദിവാസികൾ സംസാരിക്കുന്നതു കണ്ടാൽ രാത്രി മാവോയിസ്റ്റുകളെത്തി ഒറ്റുകാരെന്ന് ആരോപിച്ച് കൊലപ്പെടുത്തും. അതിനാൽ കൃത്യമായ വിവരങ്ങൾ ജനങ്ങൾ സൈന്യത്തിന് നൽകില്ല. മാവോയിസ്റ്റുകളുടെ താവളത്തിൽ പോയി ഏറ്റുമുട്ടുക മാത്രമാണ് വഴി. സേനയെ കാട്ടിലേക്ക് ആകർഷിച്ച് ആക്രമിച്ച് കൊലപ്പെടുത്തുന്നതാണ് മാവോയ്സ്റ്റുകളുടെ തന്ത്രം. ഏറ്റുമുട്ടൽ തുടങ്ങിയാൽ കൂടുതൽ സേനയെയോ വെടിക്കോപ്പുകളോ എത്തിക്കാൻ വിഷമമാണ് - മധുസൂദനൻ പറഞ്ഞു.

37 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച മധുസൂദനൻ കാസർകോട് കൊന്നക്കാടാണ് താമസം. ഭാര്യ രാജലക്ഷ്മി. ദി വീക്ക് സീനിയർ എഡിറ്റർ അനിരുദ്ധ് കരിന്തളവും ന്യൂയോർക്കിൽ ഡോക്ടറായ പൂർണയുമാണ് മക്കൾ.