k-surendran-

കാസർകോട്: ആരെയും ഏകപക്ഷീയമായി വാഴാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കുന്ന തിരഞ്ഞെടുപ്പ് ഫലമായിരിക്കും പുറത്തുവരാൻ പോകുന്നതെന്നും മഞ്ചേശ്വരത്തും കാസർകോട്ടും ബി.ജെ.പി ജയിക്കുമെന്നും സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വലിയ ത്രികോണ മത്സരമാണ് നടന്നത്. കേരളത്തിൽ ശക്തമായ മൂന്നാം ബദൽ ഉണ്ടെന്ന് വ്യക്തമാകും. സീറ്റിന്റെ കാര്യത്തിലും വോട്ടിന്റെ കാര്യത്തിലും ഈ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ വലിയ മുന്നേറ്റം നടത്തും. വർഗീയ ശക്തികളെ കൂട്ടുപിടിച്ചാണ് എൽ.ഡി.എഫും യു.ഡി.എഫും തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇരുമുന്നണികളും ഇതിന് കണക്കുപറയേണ്ടിവരും. പല മണ്ഡലങ്ങളിലും തീവ്രവാദി സംഘടനകൾ തുറന്ന പിന്തുണയാണ് ഇരുമുന്നണികൾക്കും നൽകിയത്. മഞ്ചേശ്വരത്തും കാസർകോട്ടും എസ്.ഡി.പി.ഐ പരസ്യ പിന്തുണയാണ് യു.ഡി.എഫിന് നൽകിയത്. ചില മണ്ഡലങ്ങളിൽ എൽ.ഡി.എഫിനെയാണ് എസ്.ഡി.പി.ഐ പിന്തുണച്ചത്.

മുസ്ലിം വോട്ട് ബാങ്കിനു വേണ്ടിയുള്ള ഇരുമുന്നണികളുടെയും മത്സരം അപായകരമായ ചില സൂചനകളാണ് നൽകുന്നത്. ഇതുപോലെ വർഗീയശക്തികളെ ദുരുപയോഗപ്പെടുത്തിയ ഒരു തിരഞ്ഞെടുപ്പും സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി നടത്തിയത് സാഷ്ടാംഗ പ്രണാമമാണ്. രാഷ്ട്രീയ കൊലപാതകം നടത്തിയ സി.പി.എമ്മിന്റെ പിന്തുണയാണ് മുല്ലപ്പള്ളി അഭ്യർത്ഥിച്ചത്. ഇത്രയും ഗതികെട്ട കെ.പി.സി.സി അദ്ധ്യക്ഷൻ മുൻപ് ഉണ്ടായിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.