പയ്യന്നൂർ: നഗരസഭയിൽ കൊവിഡ് വാക്സിനേഷൻ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു. നഗരസഭയിലെ 44 വാർഡുകളിലേയും 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കൂടി വാക്സിനേഷൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടു കൂടി പയ്യന്നൂർ, പഴയങ്ങാടി താലൂക്ക് ആശുപത്രികളുടെ നേതൃത്വത്തിൽ ഇന്ന് മുതൽ 15 വരെയുള്ള തീയതികളിൽ നഗരസഭയിലെ 44 വാർഡുകളിലെയും വാക്സിൻ നൽകേണ്ടവർക്ക് മുഴുവൻ വാക്സിനേഷനുള്ള സൗകര്യമാണ് പയ്യന്നൂർ ഗവ: ബോയ്സ് ഹൈസ്കൂൾ ഓഡിറ്റോറിയം, മൂത്തത്തി നഗര പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ ഒരുക്കിയിട്ടുള്ളതെന്ന് നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

6 മുതൽ 14 വാർഡ് വരേയുള്ളവർക്ക് മുത്തത്തി യു.പി.എച്ച്.സിയിലും മറ്റ് വാർഡുകളിലുള്ളവർക്ക് ദിവസവും 5 വാർഡുകൾ എന്ന തോതിൽ 15 തീയതി വരെ ഗവ: സ്കൂൾ ഓഡിറ്റോറിയം കേന്ദ്രത്തിൽ നിന്നും വാക്സിനേഷനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. എല്ലാ ദിവസവും രാവിലെ 9. 30 മുതൽ വൈകീട്ട് 3.30 വരെയാണ് റജിസ്ട്രേഷൻ സമയം. വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.വി. സജിത, ടി.പി. സമീറ, ടി.വിശ്വനാഥൻ, നഗരസഭ സെക്രട്ടറി കെ.ആർ.അജി, താലൂക്കാശുപത്രി കൊവിഡ് നോഡൽ ഓഫീസർ ഡോ: സുനിത മേനോൻ, പഴയങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഷാഹിന ഭായി തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.