fireworks

കണ്ണൂർ: പ്രളയവും കൊവിഡുമേൽപ്പിച്ച തിരിച്ചടികൾക്കൊടുവിൽ വിഷുവെത്തുമ്പോൾ പ്രതീക്ഷയർപ്പിച്ച് പടക്കവിപണി.രണ്ടു തവണുയുണ്ടായ പ്രളയവും കഴിഞ്ഞ വർഷം കൊവിഡിനെ തുടർന്നുണ്ടായ നിയന്ത്രണത്തിനും ശേഷം ഇത്തവണത്തെ വിഷുവാണ് കച്ചവക്കാരുടെ വലിയ പ്രതീക്ഷ. പടക്കങ്ങളെത്തുന്ന തമിഴ്നാട്ടിലെ ശിവകാശിയിലുൾപ്പെടെ മേഖലയാകെ വലിയ പ്രതിസന്ധിലാണെന്നാണ് പൊതുവെ കച്ചവടക്കാ‌ർ പറയുന്നത്.

കൊവിഡിനെ തുടർന്ന് സാധനങ്ങളെത്തിക്കാൻ പ്രയാസം നേരിട്ടതോടെ ശിവകാശിയിൽ ഉത്പ്പാദനത്തിൽ വലിയ ഇടിവ് വന്നു. പത്തുപെട്ടി പടക്കങ്ങൾക്ക് ഒാർഡർ ചെയ്താൽ രണ്ടുപെട്ടി മാത്രം കിട്ടുന്ന അവസ്ഥയാണിപ്പോൾ. പടക്കങ്ങൾ ഉത്പ്പാദിപ്പിക്കുന്ന മുറയ്ക്ക് കയറ്റി വിടുകയാണ്. ഇലക്ഷനെ തുടർന്നുള്ള കർശന പരിശോധനയും പടക്കമെത്തിക്കുന്നതിൽ തടസമായി. ഒപ്പം പടക്ക കമ്പനികൾക്കേർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളും പരിശോധനകളും ഉത്പാദനത്തെ സാരമായി ബാധിച്ചു. മതിയായ തൊഴിലാളികളുടെ അഭാവവും പ്രശ്നമായി.

കഴിഞ്ഞ ദീപാവലിക്കും ക്രിസ്‌മസിനുമൊന്നും വലിയ ലാഭം കച്ചവടക്കാർക്ക് ലഭിച്ചിരുന്നില്ല. എന്നാൽ ന്യൂ ഇയറിന് മികച്ച ലാഭം നേടാൻ സാധിച്ചതായി കച്ചവടക്കാർ പറഞ്ഞു. അതുകൊണ്ടു തന്നെ ഇത്തവണ വിഷുവിന് കാര്യമായി തന്നെ ലാഭം കൊയ്യാമെന്നാണ് മേഖയിലുള്ളവരുടെ പ്രതീക്ഷ. ഇതിനിടെ അമ്പലങ്ങളിലും പള്ളികളിലും ചെറിയതോതിൽ വെടിക്കെട്ട് നടത്താൻ അനുമതി ലഭിച്ചിരുന്നുവെങ്കിലും അവിടെയും കൊവിഡ് വില്ലനായത് വൻ തിരിച്ചടിയായി.

ഇത്തവണ വിലകൂടും

പടക്കങ്ങൾക്ക് കഴിഞ്ഞ വർഷത്തെക്കാൾ 15 ശതമാനം വില വർധനവ് ഇത്തവണയുണ്ടാകും. ട്രാൻസ്പോർട്ടിംഗ് ചാർജ് വർധിച്ചതും കൊവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധിയും വില വർധനവിന് കാരണമായതായി മേഖലയിലുള്ളവർ പറഞ്ഞു. അഞ്ചുമുതൽ 5000 രൂപവരെയുള്ള പടക്കങ്ങളാണ് വിപണിയിലുള്ളത്. ഇത്തവണ പുതുമയുള്ള പടക്കങ്ങളൊന്നുമില്ലെന്നും കച്ചവടക്കാർ പറഞ്ഞു.

മേഖലയാകെ പ്രതിസന്ധിയിലാണ്. വിഷു വിപണിയിലാണ് പ്രതീക്ഷ. ശിവകാശിയിൽ പടക്ക കമ്പനികൾക്കേർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്.

പ്രൊപ്രൈറ്റർ,

കൃഷ്ണ ഫയർ വർക്സ്, കണ്ണൂർ.