നീലേശ്വരം: നഗരസഭയിലെ ചെമ്മാക്കര നിവാസികൾക്ക് വേനൽ കനത്തിട്ടും കുടിവെള്ളമെത്തിയില്ല. കഴിഞ്ഞ നഗരസഭ ഭരണസമിതിയുടെ കാലത്ത് ചെമ്മാക്കരയിൽ കുടിവെള്ളമെത്തിക്കാൻ 18ലക്ഷം രൂപ നഗരസഭ ഫണ്ടും, 25 ലക്ഷം രൂപ എം. രാജഗോപാലൻ എം.എൽ.എ.ഫണ്ടും അനുവദിച്ചിരുന്നു. കുടിവെള്ളത്തിനായി ചീറ്റക്കാലിൽ 3 സെൻ്റ് സ്ഥലം കിണർ കുഴിക്കാനും നാട്ടുകാരുടെ ഫണ്ട് ഉപയോഗിച്ച് സ്ഥലം വാങ്ങിയിരുന്നു. കിണർ കുഴിക്കുന്ന സ്ഥലത്തേക്ക് റോഡ് ഉണ്ടാക്കാനും നാട്ടുകാർ ഫണ്ട് സ്വരൂപിച്ചിരുന്നു.

കഴിഞ്ഞ രണ്ടു വർഷമായി നാട്ടുകാരുടെ കമ്മിറ്റിയാണ് ആഴ്ചയിൽ ഞായറാഴ്ച ഒരു ദിവസം മാത്രം വാഹനത്തിൽ കുടിവെള്ളമെത്തിക്കുന്നത്. എന്നാൽ വേനൽ കനത്തിട്ടും ഈ വർഷം അധികൃതർ കുടിവെള്ളമെത്തിക്കാത്തതിൽ പ്രതിഷേധമുയരുകയാണ്.

കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കുടിവെള്ളമെത്തിക്കുന്നതിന് നഗരസഭ ഫണ്ടും എം.എൽ.എ.ഫണ്ടും അനുവദിച്ചിരുന്നു. കിണർ കുഴിക്കുന്നതിൽ കാലതാമസം വന്നതാണ് പ്രദേശത്തെ ഇപ്പോഴത്തെ പ്രശ്നം.

കെ.വി. രാധ, മുൻ കൗൺസിലർ

വേനൽ കനത്താൽ മാത്രമേ നിലവിൽ കുഴിക്കുന്ന കിണറിലെ വെള്ളത്തിന്റെ അളവ് കണ്ടെത്താൻ പറ്റുകയുള്ളൂ. ഓരോ വീട്ടിലേക്കും പൈപ്പിടുന്ന ജോലി നടന്നുവരികയാണ്. ഈ മാസം അവസാനത്തോടെ കുടിവെള്ളം എത്തിക്കാൻ ശ്രമിക്കുന്നുണ്ട്.

പി. കുഞ്ഞിരാമൻ, വാർഡ് കൗൺസിലർ