
കണ്ണൂർ: മുൻതിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിംഗ് ശതമാനം കുറഞ്ഞത് ആരെ തുണയ്ക്കുമെന്ന അങ്കലാപ്പിൽ മുന്നണികൾ. ജില്ലയിൽ മൂന്നു ശതമാനത്തോളമാണ് പോളിംഗ് കുറഞ്ഞത്. 2016ലെ 80.63ൽ നിന്ന് 77.78 ശതമാനത്തിലേക്കാണ് ഇക്കുറി പോളിംഗ് ഇടിഞ്ഞത്.
ഇരുമുന്നണികളുടെയും ശക്തികേന്ദ്രങ്ങളിലാണ് വൻകുറവ് വന്നതെന്നതും ശ്രദ്ധേയമാണ്. ബി.ജെ.പി സ്ഥാനാർത്ഥിയില്ലാത്ത തലശേരിയിൽ നാലു ശതമാനത്തോളമാണ് കുറവ്. ജില്ലയിൽ ഏറ്റവും കുറഞ്ഞ പോളിംഗും തലശേരിയിലാണ് (73.93). ബി.ജെ.പി കേന്ദ്രങ്ങളിലെ മരവിപ്പാണ് പോളിംഗിലെ കുറവിന് കാരണമായതെന്നാണ് വിലയിരുത്തൽ. തിരുവങ്ങാട്, ടെമ്പിൾഗേറ്റ് പ്രദേശങ്ങളിൽ ബി.ജെ.പി പ്രവർത്തകർ വോട്ട് ബഹിഷ്കരിച്ചുവെന്ന് കരുതുന്നു. വോട്ടർമാരുടെ തിരഞ്ഞെടുപ്പ് ആവേശം പോളിംഗിൽ പ്രതിഫലിച്ചില്ലെന്നാണ് ഇരുമുന്നണികളുടെയും വിലയിരുത്തൽ. എന്നാൽ ഇരുമുന്നണികളെയും മടുത്ത ജനം തങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്തുവെന്ന അവകാശവാദം എൻ.ഡി.എയും ഉയർത്തുന്നുണ്ട്.
സംസ്ഥാന ഭരണത്തിന്റെ 'തല'സ്ഥാനം എന്ന നിലയിൽ കണ്ണൂർ ഇടതുമുന്നണിക്ക് അഭിമാന പോരാട്ടമാകുമ്പോൾ യു.ഡി.എഫിന് ജീവന്മരണപോരാട്ടമായിരുന്നു. എക്കാലവും ഇടതിനൊപ്പം നിന്ന ചരിത്രം അവകാശപ്പെടുന്ന കണ്ണൂർ ജില്ലയിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് ചതിച്ചതിന്റെ പാഠവും ഇടതുമുന്നണിക്ക് മുന്നിലുണ്ട്. എന്നാൽ തൊട്ടുപിന്നാലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം മുന്നണിക്ക് ആത്മവിശ്വാസം നൽകി. ഇതേ നിലയിൽ മുന്നോട്ടുപോകാൻ കഴിയുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. ലോക്‌സഭാ തിരഞ്ഞെടുപ്പാണ് യു.ഡി.എഫിന് പ്രതീക്ഷയുള്ളത്.
കണ്ണൂർ, അഴീക്കോട്, പേരാവൂർ, ഇരിക്കൂർ, കൂത്തുപറമ്പ്, തലശേരി മണ്ഡലങ്ങളിൽ ഫലം പ്രവചനാതീതമാണ്. ഇതിൽ തലശേരിയിലെ തിരഞ്ഞെടുപ്പ് ഫലമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. തിരഞ്ഞെടുപ്പ് തലേദിവസം ബി.ജെ.പി ജില്ലാ നേതൃത്വം മനഃസാക്ഷി വോട്ട് ചെയ്യാൻ പ്രവർത്തകർക്ക് നിർദേശം നൽകിയതോടെയാണ് ആശയക്കുഴപ്പം ഉടലെടുത്തത്. ബി.ജെ.പി പ്രവർത്തകരുടെ മനഃസാക്ഷി ആർക്കൊപ്പമെന്നായിരുന്നു ചർച്ച. പിന്നീട് അതല്ല നോട്ടയ്ക്ക് ചെയ്യണമെന്ന നിർദേശവും വന്നു. ആകെകൂടി കുഴഞ്ഞുമറിഞ്ഞ ബി.ജെ.പി വോട്ടർമാർക്കിടയിൽ നിന്നു വോട്ട് ആർക്ക് അനുകൂലമായെന്നത് കണ്ടറിയേണ്ടതാണ്.