കൂത്തുപറമ്പ്: കോട്ടയം പഞ്ചായത്തിലെ ഓലായിക്കരയിൽ യു.ഡി.എഫ് ബൂത്ത് ഏജന്റിന്റെ വീടിനു നേരെ ബോംബേറ്. ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് താഴെ ഓലായിക്കരയിലെ എ.കെ. സഹദേവന്റെ അരിയാപ്രത്ത് വീടിന് നേരെ ബോംബേറുണ്ടായത്. വാഹനത്തിലെത്തിയ സംഘം വീടിനു നേരെ സ്പോടക വസ്തു എറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു. ശക്തമായ സ്പോടനത്തിൽ വീടിന്റെ ജനൽചില്ലുകളും ഓടും തകർന്നു.

കണ്ണൂരിൽ നിന്നെത്തിയ ഫോറൻസിക് സംഘം നാടൻ ബോംബിന്റെ അവശിഷ്ടങ്ങൾ ശേഖരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ ഓലായിക്കര അഞ്ചാം നമ്പർ ബൂത്തിലെ ബൂത്ത് ഏജന്റായി സഹദേവൻ പ്രവർത്തിച്ചിരുന്നു. കള്ളവോട്ട് തടയാൻ ശ്രമിച്ചതാണ് അക്രമത്തിന് കാരണമെന്ന് സഹദേവൻ പറഞ്ഞു. വിവരമറിഞ്ഞ് യു.ഡി.എഫ് നേതാക്കളായ പി.കെ. സതീശൻ, ഹരിദാസ് മൊകേരി, രാജൻ പുതുശ്ശേരി, യു.വി. മൂസ ഹാജി, രജനീഷ് കക്കോത്ത് സന്ദർശിച്ചു. അക്രമത്തിനു പിന്നിൽ സി.പി.എം. നേതാക്കളാണെന്ന് യു.ഡി.എഫ് ആരോപിച്ചു. പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പിണറായി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.