കാഞ്ഞങ്ങാട്: പോളിംഗ് ശതമാനം വച്ച് പ്രധാന മുന്നണി സ്ഥാനാർത്ഥികൾ കൂട്ടലും കിഴിക്കലും നടത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ മന്ത്രി ഇ.ചന്ദ്രശേഖരൻ മത്സരിക്കുന്ന കാഞ്ഞങ്ങാട്ടും പോളിംഗിലെ കുറവ് എൽ.ഡി.എഫിനെ ചെറിയതോതിൽ ആശങ്കയിലാഴ്ത്തുന്നു. ശക്തികേന്ദ്രമായ മടിക്കൈ ഗ്രാമപഞ്ചായത്തിലെ പോളിംഗ് കുറവാണ് ചർച്ചയാകുന്നത്.

2016 ലെ തിരഞ്ഞെടുപ്പ് വരെ മടിക്കൈ പഞ്ചായത്തിലെ മിക്ക ബൂത്തുകളിലും 90 മുതൽ 95ശതമാനം വരെയായിരുന്നു പോളിംഗ്. ഇത്തവണയാകട്ടെ അത് 85 മുതൽ 90 വരെയായി. അഞ്ചു ശതമാനം വരെ കുറവാണ്. എന്നാൽ പോളിംഗിലെ കുറവ് ഭൂരിപക്ഷത്തിൽ ചെറിയ കുറവു വരുത്തിയേക്കുമെന്നല്ലാതെ മറ്റ് അത്ഭുതങ്ങളൊന്നും സംഭവിക്കാനിടയില്ലെന്ന് ഇടതുമുന്നണി കൺവീനർ കെ.വി കൃഷ്ണൻ പറയുന്നു. കള്ളവോട്ട് കുറയുമ്പോൾ തന്നെ യു.ഡി.എഫിന് വിജയം പ്രതീക്ഷിക്കാമെന്ന് സംസ്ഥാന യൂത്ത് കോൺഗ്രസ് സെക്രട്ടറി നോയൽ ടോമിൻ ജോസ് വ്യക്തമാക്കി.

അതേ സമയം മുസ്ലീം കേന്ദ്രങ്ങളിൽ ഉണ്ടായ തണുത്ത പ്രതികരണം യു.ഡി.എഫിന് ക്ഷീണമാകുന്നുണ്ട്. കാഞ്ഞങ്ങാട് നഗരസഭയിലെ മുസ്ലിംലീഗ് ശക്തികേന്ദ്രങ്ങളിൽ വോട്ടെടുപ്പിൽ വേണ്ടത്ര ആവേശം ഉണ്ടായില്ലെന്നാണ് വിലയിരുത്തൽ.

യാദവസമുദായത്തിൽ പെട്ട സുരേഷിന് സമുദായ വോട്ട് ലഭിക്കുമെന്ന് നോയൽ പറഞ്ഞു. ഇടതു സ്ഥാനാർത്ഥി മന്ത്രി ഇ.ചന്ദ്രശേഖരൻ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. വോട്ടുവിഹിതം വലിയതോതിൽ വർദ്ധിക്കുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി എം.ബൽരാജും അഭിപ്രായപ്പെട്ടു.