കാസർകോട്: വോട്ടെടുപ്പിൽ കാസർകോട് അസംബ്ലി മണ്ഡലത്തിലുണ്ടായ പോളിംഗ് ശതമാനത്തിലെ ഇടിവിൽ യു.ഡി.എഫിന് ആശങ്കയും എൻ.ഡി.എക്ക് പ്രതീക്ഷയും നൽകുന്നു. കാസർകോട് ജില്ലയിൽ 74.91 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോൾ കാസർകോട് മണ്ഡലത്തിൽ അത് 70.87 ശതമാനം മാത്രമാണ്.
2016ൽ 76.58 ശതമാനമാണ് കാസർകോട് നിയോജകമണ്ഡലത്തിലെ പോളിംഗ്. 2011 ൽ 73.47 ശതമാനവും . ഇത്തവണ ആകെയുള്ള 2,01,812 വോട്ടർമാരിൽ 1,43,041 പേരാണ് വോട്ടിംഗിനെത്തിയത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 5.71 ശതമാനത്തോളം വോട്ടിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഇത് ഏകദേശം 11,000 വോട്ടിന്റെ കുറവാണ് കാണിക്കുന്നത്.
ഈ കണക്കുകളാണ് യു.ഡി.എഫിനെ ആശങ്കയിലാഴ്ത്തുന്നത്. 2011 ൽ 9738 വോട്ടിന്റെയും 2016 ൽ 8607 വോട്ടിന്റെയും ഭൂരിപക്ഷമാണ് യു.ഡി.എഫ് സ്ഥാനാർഥി എൻ.എ നെല്ലിക്കുന്നിന് ലഭിച്ചത്. എൻ എ നെല്ലിക്കുന്നിന്റെ മൂന്നാം ഊഴമായിരുന്നു ഇത്. ഇത്തവണ നെല്ലിക്കുന്നിന് പകരം നഗരസഭാ മുൻ ചെയർമാനും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റുമായ ടി ഇ അബ്ദുല്ലയുടെ പേരാണ് സജീവമായി പരിഗണനയിൽ ഉണ്ടായിരുന്നതെങ്കിലും അവസാന നിമിഷത്തിൽ എൻ.എ യ്ക്ക് തന്നെ അവസരം നൽകുകയായിരുന്നു. സ്ഥാനാർത്ഥിത്വം സംബന്ധിച്ച് നേതാക്കൾക്കിടയിൽ ഭിന്നതകൾ ഉണ്ടായിരുന്നില്ലെങ്കിലും പ്രവർത്തകർ മറ്റൊരു സ്ഥാനാർത്ഥിയെ ആഗ്രഹിച്ചിരുന്നു. ടി .ഇ അബ്ദുള്ളയെ സ്ഥാനാർത്ഥിയാക്കാതിരുന്നത് എൻ.എയുടെ പെട്ടിയിൽ വീഴുന്ന വോട്ടുകളുടെ എണ്ണം കുറച്ചിട്ടുണ്ടോ എന്നും ലീഗിന് ആശങ്കയുണ്ട്. മൂന്നാം തവണയും എൻ.എ. നെല്ലിക്കുന്നിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ കോൺഗ്രസിലും വലിയ അമർഷം ഉണ്ടായിരുന്നു. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ഉടനെ ഡി.സി.സി ജനറൽ സെക്രട്ടറി കരുൺ താപ്പ മണ്ഡലം കൺവീനർ സ്ഥാനം രാജിവെച്ചു വെടിപൊട്ടിച്ചിരുന്നു. പിന്നീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തിയാണ് പ്രശ്നം ഒത്തുതീർപ്പാക്കിയത്.
എൻ.ഡി.എ സ്ഥാനാർത്ഥിയായി കാസർകോട് മണ്ഡലത്തിൽ കന്നിയങ്കം കുറിച്ച ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് നാല് പതിറ്റാണ്ടുകാലത്തെ മണ്ഡലത്തിന്റെ വികസന പിന്നോക്കാവസ്ഥ ചൂണ്ടികാണിച്ച് പ്രത്യേകം വികസന മാസ്റ്റർ പ്ലാനുമായി ശക്തമായ പ്രചാരണമാണ് കാഴ്ച വെച്ചത്. മണ്ഡലത്തിൽ സുപരിചിതൻ ആയതിനാൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പെട്ടിയിൽ വീഴേണ്ട ന്യൂനപക്ഷ വിഭാഗത്തിന്റെ കുറെയേറെ വോട്ടുകൾ ശ്രീകാന്തിന്റെ പെട്ടിയിൽ വീണതായി കരുതുന്നുണ്ട്. എൽ.ഡി.എഫും യു.ഡി.എഫും ന്യൂനപക്ഷ വിഭാഗത്തിലെ സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചപ്പോൾ ഇരുമുന്നണികളിലുമുള്ള ഭൂരിപക്ഷ സമുദായക്കാരെ പ്രചാരണത്തിലൂടെ സ്വാധീനിക്കാൻ ശ്രീകാന്തിന് സാധിച്ചുവോയെന്നും സംശയമുണ്ട്.
എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ എം.എ ലത്തീഫും പതിവില്ലാത്ത പ്രചാരണമാണ് നടത്തിയത്. ഇടതുപക്ഷത്തിന്റെ മുഴുവൻ സ്വാധീന വോട്ടുകളും ഇടതുസ്ഥാനാർത്ഥി പിടിച്ചാൽ യു.ഡി.എഫിന് ക്ഷീണമാകുമെന്നുറപ്പാണ്.