കണ്ണൂർ: മഞ്ചേശ്വരത്ത് ബി.ജെ.പിക്ക് സി.പി.എം വോട്ട് മറിച്ചുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. അതുകൊണ്ടു തന്നെ മഞ്ചേശ്വരത്തെ ഫലത്തിൽ കോണഗ്രസിന് ആശങ്കയുണ്ട്. മഞ്ചേശ്വരത്ത് കെ.സുരേന്ദ്രനെ ജയിപ്പിക്കാൻ നേരത്തെ തന്നെ ഡീൽ ഉറപ്പിച്ചതാണ്. പ്രത്യുപകരമായി ചില മണ്ഡലങ്ങളിൽ ബി.ജെ.പി തിരിച്ച് സി.പി.എമ്മിനെയും സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പള്ളിയെ തള്ളി ഉണ്ണിത്താൻ
മഞ്ചേശ്വരം മണ്ഡലത്തിലെ വിജയസാദ്ധ്യതയിൽ സംശയം പ്രകടിപ്പിച്ച കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി രാജ് മോഹൻ ഉണ്ണിത്താൻ എംപി. മഞ്ചേശ്വരത്ത് സി.പി.എം ബി.ജെ.പിക്ക് വോട്ട് മറിച്ചെന്നും, സുരേന്ദ്രനെ വിജയിപ്പിക്കാൻ നീക്കുപോക്കുണ്ടാക്കിയെന്നും ,യു .ഡി. എഫ് സ്ഥാനാർത്ഥിയുടെ വിജയം സംശയത്തിലാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പരസ്യമായി പറഞ്ഞതിനെതിരെ രാജ് മോഹൻ ഉണ്ണിത്താൻ ഇന്നലെ രംഗത്തുവന്നു.മഞ്ചേശ്വരത്ത് യു.ഡി.എഫ് നല്ല ഭൂരിപക്ഷത്തിൽ വിജയിക്കും. മുല്ലപ്പള്ളി അഭിപ്രായം പറയുന്നതിനു മുമ്പ് മഞ്ചേശ്വരം മണ്ഡലത്തിന്റെ ചുമതലയുള്ള തന്നോട് ആലോചിക്കണമായിരുന്നു. ഇത് സംബന്ധിച്ച് ഒന്നും ചർച്ച ചെയ്യാതെയാണ് മുല്ലപ്പള്ളി അഭിപ്രായം പറഞ്ഞത്. മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിന് സി.പി.എം പിന്തുണ വോട്ടെടുപ്പിൽ മുമ്പ് തേടിയ മുല്ലപ്പള്ളിയുടെ നടപടി യു.ഡി.എഫിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നും ഉണ്ണിത്താൻ തുറന്നടിച്ചു.