കണ്ണൂർ: പോളിംഗ് കഴിഞ്ഞിട്ടും തിരക്കൊഴിയാതെ സ്ഥാനാർത്ഥികൾ. കണ്ണൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി രാമചന്ദ്രൻ കടന്നപ്പള്ളി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലെ മരണ വീടുകൾ സന്ദർശിച്ചു. തുടർന്ന് എൽ.ഡി.എഫിന്റെ മണ്ഡലം ലോക്കൽ നേതാക്കളുമായി പോളിംഗ് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തു. ബൂത്തുകളിലെ കണക്ക് പ്രകാരം തികഞ്ഞ ആത്മവിശ്വാസത്തിലാണ് രാമചന്ദ്രൻ കടന്നപ്പള്ളി. കഴിഞ്ഞ തവണത്തേക്കാൾ നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് വോട്ടിംഗ് കണക്കുകളെന്നും കടന്നപ്പള്ളി പറഞ്ഞു. എൽ.ഡി.എഫിനു വേണ്ടി പ്രവർത്തിച്ച പ്രവർത്തകരെയും വോട്ട് ചെയ്ത വോട്ടർമാരെയും കോൺഗ്രസ് -എസ് സംസ്ഥാന കമ്മിറ്റി അഭിവാദ്യം ചെയ്തു.
അഴീക്കോട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി സുമേഷും മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി. ചിറക്കലിലെ മരണ വീട്ടിലും അലവിലിലെ വിവാഹ നിശ്ചയ വീട്ടിലും എത്തി. മണ്ഡലം ഓഫീസിലെത്തി നേതാക്കളും പ്രവർത്തകരുമായി ചർച്ച നടത്തി. അഴീക്കോട് മണ്ഡലം വലിയ ഭൂരിപക്ഷത്തോടെ തിരിച്ചുപിടിക്കാൻ സാധിക്കുമെന്ന ആത്മ വിശ്വാസമാണ് കണക്കുകൾ. എൽ.ഡി.എഫ് വോട്ടിനുപുറമെ നിഷ്പക്ഷ വോട്ടുകൾ കൂടി സമാഹരിക്കാൻ സാധിച്ചെന്നും സുമേഷ് പറഞ്ഞു.