പെരിങ്ങത്തൂർ: പെരിങ്ങത്തൂരിൽ നടന്നത് ആസൂത്രിത കലാപശ്രമമാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. ഇന്ന് രാവിലെ കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷമായിരുന്നു ജയരാജന്റെ പ്രതികരണം. ജില്ലക്കകത്തും പുറത്തുമുള്ള ലീഗ് ക്രിമനലുകൾ സി.പി.എമ്മിന്റെ 8 ഓഫീസുകളും നിരവധി കടകളും വീടുകളും വായനശാലകളും ബസ് ഷെൽട്ടറുകളുമാണ് പൂർണമായും തകർക്കുകയും തീവച്ച് നശിപ്പിക്കുകയും ചെയ്തത്. തീവെക്കാൻ ഉപയോഗിച്ച ഡീസൽ ഒരിടത്ത് പെട്ടികളിൽ കണ്ടെത്തിയിട്ടുണ്ട്. നാടാകെ കത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രിമിനലുകൾ എത്തിയതെന്ന് വ്യക്തമായിരിക്കുകയാണ്. വിലാപയാത്രയിൽ പങ്കെടുക്കുന്നവരുടെ കയ്യിൽ എങ്ങനെ ഡീസൽ എത്തി എന്ന് അന്വേഷിക്കണം. വീടുകളുടെയും ഓഫീസുകളുടെയും കടകളുടെയും മെറ്റൽ ജനലുകൾ തകർക്കാനുള്ള ബ്ളേഡും കണ്ടെത്തിയിട്ടുണ്ട്. അക്രമികൾ ഉപയോഗിച്ച ചില ആയുധങ്ങളും ഉപകരണങ്ങളും സംഭവസ്ഥലത്ത് കണ്ടെത്തി. പൊലീസ് കസ്റ്റഡിയുള്ളവരിൽ അഞ്ച് പേർ നാദാപുരം സ്വദേശികളാണ്. മറ്റ് 5 പേർ പാനൂർ, കടവത്തൂർ ഭാഗങ്ങളിലുള്ളവരും. ജില്ലക്ക് വെളിയിൽനിന്ന് ഗുണ്ടകളെ കൊണ്ടുവന്നാണ് അക്രമം നടത്തിയതെന്ന് ഇതിൽ നിന്ന് വ്യക്തമാണെന്നും ജയരാജൻ ആരോപിച്ചു. ജനാധിപത്യ വിശ്വാസികൾ ഇതിൽ ശക്തമായി പ്രതിഷേധിക്കണം. അക്രമം നടക്കുമ്പോൾ ലീഗ് നേതാക്കൾ മൗനത്തിലായിരുന്നു. ചില നേതാക്കൾ അക്രമത്തിന് നേതൃത്വം നൽകാൻ ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഉന്നത തല ഗൂഢാലോചനയാണ് ഇത്രയും വ്യാപകമായ അക്രമത്തിന് കാരണം. ഇതിന് ഉത്തരവാദികളായവരെ പൊലീസ് നിയമത്തിന് മുന്നിൽ കൊണ്ടുവരണം. കൊലപാതകം സംബന്ധിച്ച് നിലപാട് സി.പി.എം നേരത്തെ വ്യക്തമാക്കിയതാണ്. ദൗർഭാഗ്യകരമാണ് ആ സംഭവം. അതിന്റെ മറവിൽ നാടാകെ കലാപം നടത്തുകയാണ് ലീഗ് ക്രിമിനലുകൾ ചെയ്തത്. ഇത് ആർക്കും അംഗീകരിക്കാൻ കഴിയില്ലെന്നും ജയരാജൻ തുടർന്നു പറഞ്ഞു