yogam

കണ്ണൂർ: ഇന്ന് രാവിലെ പതിനൊന്നിന് കളക്ടർ വിളിച്ച് ചേർത്ത സർവകക്ഷി യോഗം യു.ഡി.എഫ് ബഹിഷ്കരിച്ചു. പൊലീസ് ഏകപക്ഷീയമായി പ്രവർത്തിക്കുന്നു, ഞങ്ങൾക്ക് നീതി ലഭിക്കുന്നില്ല എന്ന് പറഞ്ഞാണ് യു.ഡി.എഫ് യോഗം ബഹിഷ്കരിച്ചത്. കൊലപാതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് പാർട്ടി ഓഫീസിന് കല്ലെറിഞ്ഞ കേസിലെ പ്രതികളെന്ന് പറഞ്ഞ് നിരപരാധികളെ വേട്ടയാടുകയാണ്. ഇന്ന് പത്താം ക്ളാസ് പരീക്ഷ എഴുതേണ്ട ഒരു കുട്ടിയെ പോലും പൊലീസ് ലോക്കപ്പിൽ ഇട്ടിരിക്കുകയാണ്. മയ്യത്ത് നിസ്കാരം കഴിഞ്ഞ് തിരിച്ച് പോവുകയായിരുന്ന വിദ്യാർത്ഥിയെയാണ് പൊലീസ് പിടിച്ചുകൊണ്ട് പോയത്. ജില്ലാ പൊലീസ് മേധാവിയുടെ കയ്യും കാലും കെട്ടിയിട്ടിരിക്കുകയാണ്. പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഇന്നു മുതൽ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്ന് ലീഗ് ജില്ലാ പ്രസിഡന്റ് കുഞ്ഞിമൊയ്തീൻ ഹാജി പറഞ്ഞു. പ്രതികളെ പിടിച്ചാൽ പൊലീസുമായി സഹകരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു. ഇന്നുവൈകീട്ട് പഞ്ചായത്ത് തലത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടക്കുമെന്നും യു.ഡി.എഫ് നേതാക്കൾ അറിയിച്ചു. യോഗം തുടങ്ങി അര മണിക്കൂറിനുള്ളിലാണ് നേതാക്കൾ യോഗം ബഹിഷ്കരിച്ച് പുറത്തിറങ്ങിയത്.