തൃക്കരിപ്പൂർ: കവ്വായി കായലിൽ നിന്നും മത്സ്യബന്ധനം നടത്തുന്ന മത്സ്യ തൊഴിലാളികൾക്ക് മത്സ്യലേലം നടത്താൻ ആയിറ്റി പുഴയോരത്ത് ലേലഹാളും അനുബന്ധ സൗകര്യങ്ങളും ഒരുക്കണമെന്ന ആവശ്യത്തിന് വർഷങ്ങളായിട്ടും പരിഹാരമില്ല. നൂറുക്കണക്കിന് മത്സ്യബന്ധന തൊഴിലാളികളാണ് പുലർച്ചെ ഇത് മൂലം പലയിടങ്ങളിലായി തോണി കയറ്റിയിട്ടും, വാഹനങ്ങളിൽ കയറ്റി അടുത്ത മാർക്കറ്റുകളിൽ എത്തിച്ചും മത്സ്യ വില്പന നടത്തുന്നത്.
ഏകീകൃതമായി പുഴയോരത്തെ ഒരു കേന്ദ്രത്തിൽ ലേലംചെയ്ത് വില്പന നടത്താനുള്ള സൗകര്യമില്ലാത്തത് കാരണം ഈ വിഭാഗം തൊഴിലാളികൾ പിടിച്ചെടുത്ത മത്സ്യങ്ങളുമായി രാവിലെ നെട്ടോട്ടമോടേണ്ടിവരികയാണെന്നാണ് പരാതി. മെട്ടമ്മൽ, ആയിറ്റി, ഇടയിലക്കാട്, വെള്ളാപ്പ്, തെക്കേക്കാട്, വലിയപറമ്പ, പടന്ന, തുരുത്തി എന്നിവിടങ്ങളിൽ നിന്നുമുള്ള മത്സ്യബന്ധന തൊഴിലാളികളും കർണാടക ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുമെത്തിയ വട്ടത്തോണി തൊഴിലാളികളുമാണ് കവ്വായി കായലിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മീൻ പിടിച്ചു ഉപജീവനം നടത്തുന്നത്.
എന്നാൽ രാത്രി ഏറേ വൈകി പുലർച്ചയോളം മീൻ പിടിച്ച ശേഷം അവ നിലവിൽ ആയിറ്റി ജലഗതാഗത വകുപ്പ് ബോട്ട് ജെട്ടിക്ക് സമീപം ഏറേ പപരിമിതമായ സൗകര്യം ഉപയോഗിച്ചാണ് വിൽപ്പന നടത്തുന്നത്. മറ്റു ചില തൊഴിലാളികൾ അവിടഅവിടെയായി തോണി കയറ്റിയിട്ട് വില്പന നടത്തുന്നു. പിടിച്ചെടുത്ത മത്സ്യം ആയിറ്റിക്കടവിലെ ഒരു സ്ഥലം കേന്ദ്രീകരിച്ച് വില്പന നടത്താൻ കഴിഞ്ഞാൽ വാങ്ങാനെത്തുന്ന തൊഴിലാളികൾക്കും വിൽപ്പന നടത്തുന്ന തൊഴിലാളികൾക്കും ഒരു പോലെ സൗകര്യമാകും.
രണ്ട് സെന്റ് ഭൂമിയും
ഒരു ഷെഡും മതി
ആയിറ്റിയിലെ ജലഗതാഗത വകുപ്പ് കാര്യാലയത്തിന് സമീപത്തായി ഏക്കർ കണക്കിനു പുറമ്പോക്ക് ഭൂമി തരിശായി കിടക്കുന്നുണ്ട്. ഇതിൽ നിന്നും രണ്ടു സെന്റ് ഭൂമി തിരിച്ചിട്ട് ഒരു ഷെഡും ഒരുക്കി ഒരു ലേലഹാളടക്കമുള്ള അനുബന്ധ സൗകര്യവുമൊരുക്കിയാൽ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകും. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തും ഫിഷറീസ് വകുപ്പും തൊഴിലാളികളുടെ കാതലായ ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്നാണ് ആവശ്യം.
പിടിച്ചെടുത്ത മത്സ്യം കടവിലെത്തുന്ന ആവശ്യക്കാർക്ക് കൊടുത്ത ശേഷം തൃക്കരിപ്പൂർ, കാലിക്കടവ്, പയ്യന്നൂർ തുടങ്ങിയ സമീപ മാർക്കറ്റുകളിൽ വാഹനങ്ങളിൽ എത്തിച്ചാണ് ഇപ്പോൾ വില്പന നടത്തുന്നത്. ഇത് മത്സ്യ ബന്ധന തൊഴിലാളികൾക്ക് ചെലവേറെയുണ്ടാക്കുന്നതാണ്.
മത്സ്യ തൊഴിലാളികൾ