# കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്ന് റിമാൻഡ് റിപ്പോർട്ട്
# സമാധാനയോഗത്തിൽ നിന്ന് യു.ഡി.എഫ് നേതാക്കൾ ഇറങ്ങിപ്പോയി
തലശേരി: മുസ്ലിംലീഗ് പ്രവർത്തകൻ കടവത്തൂർ മുക്കിൽ പീടിക പാറാൽ വീട്ടിൽ മൻസൂറിനെ (22) കൊലപ്പെടുത്തിയ കേസിൽ സി.പി.എം പ്രവർത്തകനും അയൽവാസിയുമായ കെ. ഷിനോസിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. അക്രമി സംഘത്തിനൊപ്പമുണ്ടായിരുന്ന ഷിനോസിനെ അവിടെവച്ചുതന്നെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഷിനോസിൽ നിന്ന് പ്രതികളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചതായാണ് സൂചന. രാഷ്ട്രീയ വൈരാഗ്യം കാരണം മൻസൂറിനെ കൊലപ്പെടുത്തിയെന്നാണ് റിമാൻഡ് റിപ്പോർട്ട്.
അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതായി സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ പറഞ്ഞു. 15പേരെ ഉൾപ്പെടുത്തി അന്വേഷണസംഘത്തെ വിപുലീകരിക്കും. ഡിവൈ.എസ്.പി കെ. ഇസ്മയിലാണ് ചുമതല. എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർ ഒളിവിലാണെന്നും കമ്മിഷണർ പറഞ്ഞു.
പ്രതികൾ സംസ്ഥാനം വിട്ടേക്കുമെന്ന സൂചനയുള്ളതിനാൽ അതിർത്തികളിലും മറ്റും പരിശോധന കർശനമാക്കി.
വിലാപ യാത്രയ്ക്കിടെ സി.പി.എം പ്രവർത്തകരുടെ വീടുകളും ഓഫീസുകളും തീവച്ച സംഭവത്തിൽ പതിനഞ്ച് ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു.
ജില്ലാ കളക്ടർ വിളിച്ചുചേർത്ത സമാധാന യോഗത്തിൽ നിന്ന് യു.ഡി.എഫ് നേതാക്കൾ ഇറങ്ങിപ്പോയി. പൊലീസിന്റെ നടപടി ഏകപക്ഷീയമെന്ന് ആരോപിച്ചായിരുന്നു ബഹിഷ്കരണം. അക്രമം ഉണ്ടായ പെരിങ്ങത്തൂരിലെ പ്രദേശങ്ങൾ സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ നേതൃത്വത്തിലുള്ള എൽ.ഡി. എഫ് സംഘം സന്ദർശിച്ചു.
പെരിങ്ങത്തൂർ, കടവത്തൂർ, പുല്ലൂക്കര, കല്ലിക്കണ്ടി തുടങ്ങിയ മേഖലകളിൽ ലോക്കൽ പൊലീസിനു പുറമെ അഞ്ച് പ്ലാറ്റൂൺ സായുധ സേനയെയും ഡി.ഐ.ജിയുടെ സ്‌ട്രൈക്കിംഗ് ഫോഴ്‌സിനെയും വിന്യസിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ദിനം രാത്രി ഗുരുതരമായി പരിക്കേറ്റ മൻസൂർ ബുധനാഴ്ച പുലർച്ചെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. പരിക്കേറ്റ സഹോദരനും ലീഗ് പ്രവർത്തകനുമായ മൊഹ്സിൻ അപകടനില തരണംചെയ്തു.