bore-well

കണ്ണൂർ: നിബന്ധനകളും നിയന്ത്രണങ്ങളുമില്ലാതെ കുഴൽക്കിണറുകൾ കുത്തുന്നത് കുടിവെള്ളക്ഷാമത്തിന്റെ രൂക്ഷത വർദ്ധിപ്പിക്കുന്നു.നിയമാനുസൃത അനുമതി നേടി നിർമ്മിക്കുന്നവയുടെ എണ്ണം പ്രതിമാസം ഇരുപതിനും 25നുമിടയിൽ മാത്രമാണ്. എന്നാൽ നൂറുകണക്കിന് കുഴൽകിണറുകളാണ് അനുമതിയില്ലാതെ പലയിടങ്ങളിലുമായി നിർമ്മിക്കുന്നത്.

തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് എൻ.ഒ.സി വാങ്ങണമെന്നാണ് നിർബന്ധം.ഇത് പാലിച്ചില്ലെങ്കിലും തുച്ഛമായി പിഴയടച്ച് തടിതപ്പാമെന്ന സൗകര്യവും ഗുണഭോക്താക്കൾക്കുണ്ട്. അതുകൊണ്ട് തന്നെ പഞ്ചായത്ത് അനുമതിയോടെയും അല്ലാതെയും കുഴിക്കുന്നവർ ധാരാളമുണ്ട്.സ്വന്തമായി കിണറുള്ളവർ പോലും കുഴൽകിണർ കുഴിക്കുന്ന പ്രവണതയാണുള്ളത്.

വേനൽ കനക്കുന്ന സാഹചര്യത്തിൽ കിണർ വറ്റുന്നതോടെയാണ് കുഴൽ കിണറുകൾക്ക് പിന്നാലെ പലരും ഓടുന്നത്.

പാലക്കാട് കഴിഞ്ഞാൽ സംസ്ഥാനത്ത് ഉയർന്ന താപനില അനുഭവപ്പെടുന്നത് കണ്ണൂരിലാണ്.അതു കൊണ്ട് തന്നെ കുടിവെള്ളക്ഷാമം ജില്ലയിലെ പലഭാഗങ്ങളിലുമുണ്ട്. വ്യാപകമായി കുഴൽ കിണർ കുഴിക്കുന്ന പ്രദേശങ്ങളിൽ അനിയന്ത്രിതമായി വെള്ളമെടുക്കുന്നതിലൂടെ ഭൂഗർഭജല നിരപ്പ് അപകടകരമാം വിധം താഴുന്നതായുള്ള പരാതികളും നിരവധിയാണ്.

കുഴൽ കിണറിൽ നിന്നും ഏത്ര വെള്ളം ഉൗറ്റിയെടുക്കുന്നുവെന്നതറിയാൻ മീറ്റ‌ർ ഘടിപ്പിക്കണമെന്നാണ് വ്യവസ്ഥയെങ്കിലും ഒരിടത്തും പാലിക്കപ്പെടാറില്ല.

ജില്ലാ ദുരന്ത നിവാരണ സമിതി വരൾച്ച നേരിടുന്ന കാലഘട്ടങ്ങളിൽ പുറപ്പെടുവിക്കുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ

ചില ജില്ലകളിൽ സ്വകാര്യ ഏജൻസികളുടെ കുഴൽ കിണർ നിർമ്മാണം നിയന്ത്രിക്കുകയും നിരോധിക്കുകയും

ചെയ്യാറുണ്ട്.എന്നാൽ ജില്ലയിൽ ഇതുവരെ യാതൊരു നിയന്ത്രണവും ഉണ്ടായിട്ടില്ല.ചെങ്ങളായി,എളയാവൂർ,കേളകം,പയ്യാവൂർ,കൊട്ടിയൂർ,നടുവിൽ,പേരാവൂർ,എരമം-കുറ്റൂർ, മയ്യിൽ എന്നിവിടങ്ങളിൽ ഇക്കുറി കടുത്ത വരൾച്ചയാണ് നേരിടുന്നത്.

നിയമങ്ങളുണ്ട്, പക്ഷെ ആര് പാലിക്കാൻ
കുഴൽക്കിണർ സ്ഥാപിക്കാൻ ഭൂഗർഭ ജലവിഭവ വകുപ്പിന്റെ അനുമതി വേണം. നിശ്ചിത തുക ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കുകയാണ് ആദ്യപടി. ഏറെ വെള്ളം ലഭിക്കാനിടയുള്ള സ്ഥലം കണ്ടെത്താനും ഗുണനിലവാരം അളക്കാനുമായി ഹൈഡ്രോജിയോളജിസ്റ്റിനെ ഈ അപേക്ഷയുടെ അടിസ്ഥാനത്തിൽ വകുപ്പ് നിയോഗിക്കും. പരിശോധനാഫലം വിലയിരുത്തിയ ശേഷം കുഴൽക്കിണർ നിർമ്മിക്കാൻ അനുയോജ്യമായ സ്ഥലവും എത്ര ആഴത്തിൽ നിർമ്മിക്കണമെന്നതും ചൂണ്ടിക്കാട്ടി അപേക്ഷകന് കത്തയയ്ക്കും. വകുപ്പ് നേരിട്ട് കിണർ നിർമ്മിക്കാനാണ് ഇങ്ങനെ അനുമതിക്കത്ത് നൽകുന്നത്. എന്നാൽ ഇത് സ്വകാര്യ ഏജൻസികൾക്ക് കുഴൽക്കിണർ നിർമ്മാണം നടത്താനുള്ള അനുമതിയില്ല.

ഡയനാമിക് ഗ്രൗണ്ട് വാട്ടർ റിസോഴ്സ് ഓഫ് കേരള 2013 വരെയുള്ള റിപ്പോർട്ട് അനുസരിച്ച് കണ്ണൂർ ജില്ലയിലെ കണ്ണൂർ,പാനൂർ,തലശ്ശേരി ബ്‌ളോക്കുകൾ സെമി ക്രിട്ടിക്കൽ വിഭാഗത്തിലാണ്