തലശ്ശേരി: ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലയും തുടർന്നുണ്ടായ അക്രമ സംഭവങ്ങളും പുല്ലൂക്കര എന്ന ഗ്രാമത്തിന്റെ സ്നേഹവും ഒരുമയും കശക്കിയെറിയുകയായിരുന്നു. കണ്ണൂർ ജില്ലയിലെ മറ്റിടങ്ങളിൽ അക്രമം അരങ്ങേറുമ്പോഴെല്ലാം സമാധാനത്തിന്റെ തുരുത്തായി നിലനിന്ന പ്രദേശമായിരുന്നു, കണ്ണൂർ- കോഴിക്കോട് ജില്ലയുടെ അതിർത്തി പങ്കിടുന്ന ഈ കൊച്ചു പ്രദേശം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമസംഭവങ്ങൾ മറക്കാൻ ശ്രമിക്കുകയാണ് ഈ നാട് .
മൻസൂറിന്റെ കൊലയ്ക്ക് ശേഷം എട്ട് പാർട്ടി ഓഫീസുകളും രണ്ട് ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും വ്യാപാര സ്ഥാപനങ്ങളും വീടുകളും അതിക്രമത്തിന് ഇരയായി. ഓഫീസുകളിലെ ഫർണിച്ചറുകളും മറ്റും തകർത്ത് റോഡിലെറിയുകയും സർവതും കൂട്ടിയിട്ട് അഗ്‌നിക്കിരയാക്കുകയും ചെയ്തു.പലരുടേയും വീട്ടുപകരണങ്ങളും മറ്റും കിണറുകളിലിട്ട സംഭവവുമുണ്ടായി.
കീഴ്‌മാടത്തെയും ആച്ചിമുക്കിലെയും കൊച്ചിയങ്ങാടിയിലെയും പെരിങ്ങത്തൂർ ടൗണിലെയും സി.പി.എം ബ്രാഞ്ച് ഓഫീസുകൾ അടിച്ചുതകർത്തു. പെരിങ്ങത്തൂർ ടൗണിൽ അനീഷിന്റ ഉടമസ്ഥതയിലുള്ള അജിത ഹോട്ടൽ പൂർണമായും തകർത്ത നിലയിലാണ്. പുല്ലൂക്കരയിലെ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസിന്റെ ഇരുനില കെട്ടിടം അടിച്ചുതകർത്ത് പൂർണമായും തീയിട്ട് നശിപ്പിച്ചു. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. എലിത്തോട് പാലത്തിന് സമീപത്തെയും കടവത്തൂർ ടൗണിലെയും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും തകർത്തു.
കടവത്തൂർ ഇരഞ്ഞീന്റെകീഴിലെ എ.കെ.ജി സ്മാരക മന്ദിരവും അക്രമത്തിന് ഇരയായി. ഫർണിച്ചറുകളും വാതിലും ജനലുകളും തല്ലിതകർത്തു. കടവത്തൂർ ടൗണിൽ സി.പി.എം ഓഫീസായ ഇ.ഗംഗാധരൻ നമ്പ്യാർ സ്മാരക മന്ദിരവും ആക്രമിച്ചു. തൊട്ടുപിന്നിലുള്ള അനിരുദ്ധന്റെ വീടിന്റെ ജനൽചില്ലുകൾ എറിഞ്ഞ് തകർക്കുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മുണ്ടത്തോട് കൊറ്റോൾ മുക്കിൽ സി.പി.എം അനുഭാവിയായ പി.പി.ബാലന്റെ വീടിനുമുന്നിൽ അക്രമിസംഘം ബോംബും സോഡകുപ്പികളും എറിഞ്ഞ് ഭീതി പടർത്തി.
സി.പി.എം നേതാക്കൾ സന്ദർശിച്ചു
അക്രമത്തിനിരയായ സ്ഥാപനങ്ങൾ സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. മൻസൂറിന്റെ മരണം ദൗർഭാഗ്യകരമാണെന്നും അതിന്റെ മറവിൽ ലീഗ് പ്രവർത്തകർ വ്യാപകമായ അക്രമമാണ് അഴിച്ച് വിട്ടതെന്നും എം.വി. ജയരാജൻ പറഞ്ഞു. ലീഗ് നേതൃത്വത്തിന്റെ കുറ്റകരമായ മൗനമാണ് അക്രമം വ്യാപിക്കാൻ ഇടയായത്. സി.പി.എമ്മിന്റേത് മാത്രമല്ല ഇതര പാർട്ടിക്കാരുടെ സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു.
കൂത്തുപറമ്പ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി.മോഹനൻ, സി.പി.എം സംസ്ഥാനകമ്മിറ്റിയംഗം പി. ജയരാജൻ, കെ.പി. സഹദേവൻ, ടി.വി.രാജേഷ് എം.എൽ.എ, വി.കെ.കുഞ്ഞിരാമൻ, കെ.പി. ചന്ദ്രൻ, വത്സൻ പനോളി, രവീന്ദ്രൻ കുന്നോത്ത്, സി.പി. ഷൈജൻ, പി. ഹരീന്ദ്രൻ, പി.കെ. പ്രവീൺ, കെ.ഇ. കുഞ്ഞബ്ദുല്ല, കെ. സന്തോഷ്, കെ. ധനഞ്ജയൻ, കെ.കെ. ബാലൻ, ടി.പി. അനന്തൻ, കരുവാങ്കണ്ടി ബാലൻ, സി.കെ.ബി. തിലകൻ, എൻ.കെ. അനിൽകുമാർ, കെ.കെ. സുധീർ കുമാർ തുടങ്ങിയവരും ജയരാജനോടൊപ്പം ഉണ്ടായിരുന്നു.
ദൗർഭാഗ്യകരം: എൽ.ജെ.ഡി
തലശ്ശേരി: തിരഞ്ഞെടുപ്പ് ദിവസം പുല്ലൂക്കര മേഖലയിൽ ഉണ്ടായ സംഭവങ്ങളും യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മരണവും ദൗർഭാഗ്യകരവും ദുഃഖകരവുമാണെന്ന് എൽ.ജെ.ഡി മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.
ഇതേ തുടർന്ന് കടവത്തൂർ, പെരിങ്ങളം മേഖലകളിൽ സി.പി.എം ഓഫീസുകളും കടകളും വീടുകളും ആക്രമിച്ച് തകർത്ത സംഭവങ്ങളും ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. മണ്ഡലം പ്രസിഡന്റ് എൻ. ധനഞ്ജയൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി. മോഹനൻ, വി.കെ. കുഞ്ഞിരാമൻ, കെ.പി. ചന്ദ്രൻ, പി.കെ. പ്രവീൺ, രവീന്ദ്രൻ കുന്നോത്ത്, ടി.പി. അനന്തൻ, സി.കെ.ബി. തിലകൻ, എൻ.കെ. അനിൽകുമാർ, എസ്. കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു.