കാഞ്ഞങ്ങാട്: വീട് കുത്തിത്തുറന്ന് പണവും ആഭരണവും മോഷ്ടിച്ചു. ആവിക്കര ഗാർഡർ വളപ്പിലെ ടി.എം ഹസ്സൻ കുഞ്ഞിയുടെ വീട്ടിലാണ് മോഷണം. ഇവർ വീട് പൂട്ടി മാതാവിന്റെ ചികിത്സക്കായി ബുധനാഴ്ച ഉച്ചയോടെ മംഗലാപുരം ആശുപത്രിയിൽ പോയി രാത്രി എട്ടരയോടെ തിരിച്ചെത്തിയപ്പോഴാണ് വാതിൽ പൊളിച്ച നിലയിൽ കണ്ടത്. ഇരുനില വീടിന്റെ മുകൾഭാഗത്തെ ജലസംഭരണിയോടു ചേർന്ന വാതിൽ വഴിയാണ് മോഷ്ടാവ് അകത്ത് കടന്നതെന്നു സംശയിക്കുന്നു. കിടപ്പുമുറിയിൽ സൂക്ഷിച്ച 27,000 രൂപയും പതിനാലേമുക്കാൽ പവൻ തൂക്കമുള്ള സ്വർണ്ണവും മോഷണം പോയിട്ടുണ്ട്. ഇതിന്റെ കൂടെ ഉണ്ടായിരുന്ന ഒരു വള വീട്ടിനുള്ളിൽ താഴെ വീണ നിലയിൽ കിട്ടിയതായി വീട്ടുകാർ അറിയിച്ചു. ഹൊസ്ദുർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു.