mansur
കൊല്ലപ്പെട്ട മൻസൂർ

കണ്ണൂർ: ജില്ലയിൽ സമാധാനം പുലരാൻ എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് ജില്ലാ കളക്ടർ ടി .വി. സുഭാഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമാധാനയോഗം ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസം കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തിലെ പുല്ലൂക്കരയിൽ ഉണ്ടായ കൊലപാതകത്തെയും തുടർന്ന് ഈ പ്രദേശങ്ങളിൽ അരങ്ങേറിയ അക്രമ സംഭവങ്ങളെയും ശക്തമായി അപലപിച്ച യോഗം കൊലപാതക കേസിലെയും മറ്റ് അക്രമ സംഭവങ്ങളിലെയും പ്രതികളെ എത്രയും വേഗം പിടികൂടണമെന്നും ആവശ്യപ്പെട്ടു.
ജില്ലയിൽ കുറേക്കാലമായി തുടരുന്ന സമാധാന അന്തരീക്ഷം തകരാതിരിക്കാൻ എല്ലാ പാർട്ടികളും ജനങ്ങളും ജാഗ്രത കാണിക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർഥിച്ചു. എല്ലാ കേസുകളിലെയും പ്രതികളെ എത്രയും വേഗം പിടികൂടാൻ ശക്തമായ നടപടി ഉണ്ടാകുമെന്ന് കളക്ടർ പിന്നീട് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

യോഗത്തിൽ ജില്ലാ പൊലീസ് മേധാവി (റൂറൽ) നവനീത് ശർമ, സബ് കളക്ടർ അനു കുമാരി, അസി. കളക്ടർ ആർ. ശ്രീലക്ഷ്മി, വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എം.വി ജയരാജൻ, കെ.പി സഹദേവൻ, ടി.വി രാജേഷ്, പി.കെ ഷാഹുൽ ഹമീദ് തുടങ്ങിയവരും പങ്കെടുത്തു.

ഇറങ്ങിപ്പോയവരുടെ വികാരം മാനിക്കുന്നു

യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ പാർട്ടികളും സമാധാന ശ്രമങ്ങൾക്ക് ഒപ്പമാണ്. കൊലപാതക കേസിലെ പ്രതികളെ പിടികൂടുന്നതിൽ കാലതാമസമുണ്ടാകുന്നു എന്ന വികാരമാണ് അവർ പ്രകടിപ്പിച്ചത്. അക്കാര്യത്തിൽ പൊലീസ് നിഷ്പക്ഷവും ശക്തവുമായ നടപടികൾ കൈക്കൊള്ളും. തുടർ ചർച്ചകളിൽ അവരെക്കൂടി പങ്കെടുപ്പിച്ച് സമാധാന ശ്രമങ്ങൾ തുടരും. ഇതിനായി പ്രാദേശികമായി സമാധാന യോഗം വിളിച്ചു ചേർക്കും. മുസ്ലിംലീഗ്, സി.പി.എം പ്രതിനിധികളെ പങ്കെടുപ്പിച്ച് ഉഭയകക്ഷി ചർച്ചക്കുളള ശ്രമം നടത്തണമെന്ന നിർദേശവും

യോഗത്തിൽ ഉയർന്നു. ഇതിനായി പരിശ്രമിക്കുമെന്ന് ജില്ലാകളക്ടർ ഉറപ്പുനൽകി.


അന്വേഷണ സംഘം വിപുലമാക്കി: ആർ. ഇളങ്കോ
കൊലപാതകത്തിനുള്ള പ്രകോപനവും കാരണവും എന്താണെന്നും മറ്റുമുള്ള കാര്യങ്ങൾ പ്രതികളെ പിടികൂടിയാൽ മാത്രമെ മനസിലാകുകയുള്ളുവെന്ന് പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ വ്യക്തമാക്കി. അന്വേഷണം ശക്തിപ്പെടുത്തുന്നതിന് കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടുന്നതിൽ ബോധപൂർവ്വമായ ഒരു കാലതാമസവുമുണ്ടായിട്ടില്ല. നിഷ്പക്ഷമായ നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. വ്യാപകമായ അക്രമ സംഭവങ്ങൾ ഉണ്ടാകുമ്പോൾ കേസ് അന്വേഷണത്തിൽ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ പൊലീസിന് കഴിയാതെ വരും. എല്ലാ കേസുകളിലും ശക്തമായ അന്വേഷണവും നടപടിയും പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും. പ്രദേശത്ത് ശക്തമായ സുരക്ഷാ ക്രമീകരണവും പട്രോളിംഗും ഏർപ്പെടുത്തിയിട്ടുണ്ടെന്നും കമ്മിഷണർ വ്യക്തമാക്കി.