കണ്ണൂർ :' അയ്യപ്പനും, ഇന്നാട്ടിലെ എല്ലാ ദൈവഗണങ്ങളും ഈ സർക്കാരിനൊപ്പമാണ് ' എന്ന തിരഞ്ഞെടുപ്പ് ദിനത്തിലെ പരാമർശത്തിൽ മുഖ്യമന്ത്രി പിണറായിക്കെതിരെ നടപടി ആവശ്യപ്പെട്ട് കണ്ണൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയും ഡി.സി.സി പ്രസിഡന്റുമായ സതീശൻ പാച്ചേനി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കത്ത് നൽകി.
മുഖ്യമന്ത്രിയുടെ പരാമർശം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്‌നമായ ലംഘനമാണ്. വോട്ടു നേടാനായി ജാതി മത വികാരങ്ങൾ ഉണർത്തുന്ന തരത്തിലുള്ള അഭ്യർത്ഥനകളോ, പരാമർശങ്ങളോ പാടില്ലെന്ന് പാച്ചേനി പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമർശത്തിന്റെ ദൃശ്യങ്ങൾ അടങ്ങുന്ന സി.ഡിയും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.