mansoor

കണ്ണൂർ: പാനൂർ പുല്ലൂക്കരയിൽ മുസ്ളിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തെ തുടർന്ന് കളക്ടർ വിളിച്ച സമാധാന യോഗത്തിൽ നിന്ന് യു.ഡി.എഫ് നേതാക്കൾ ഇറങ്ങിപ്പോയി. സംഭവം നടന്ന് 48 മണിക്കൂർ കഴിഞ്ഞിട്ടും ഒരു പ്രതിയെ മാത്രമാണ് അറസ്റ്റ് ചെയ്തത്. എന്നാൽ, സി.പി.എം ഓഫീസുകൾ ആക്രമിച്ചെന്ന പേരിൽ പത്ത് ലീഗ് പ്രവർത്തകരെ പിടികൂടി പൊലീസ് തല്ലിച്ചതച്ചു.

പൊലീസിന്റെ ഇത്തരം നടപടിയാണ് ഇറങ്ങിപ്പോകാൻ കാരണമെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. എസ്.എസ്.എൽ.സി പരീക്ഷ എഴുതേണ്ട കുട്ടിയെപ്പോലും ലോക്കപ്പിലിട്ടതായും പൊലീസ് കൊലയാളികളെ പിടികൂടുന്നില്ലെന്നും നേതാക്കൾ ആരോപിച്ചു. രാവിലെ 11ന് കണ്ണൂർ കളക്ടറേറ്റിൽ യോഗം തുടങ്ങി നിമിഷങ്ങൾക്കകം യു.ഡി.എഫ് നേതാക്കൾ ഇറങ്ങിപ്പോകുകയായിരുന്നു. മൻസൂറിന്റെ സഹോദരൻ മുഹ്‌സിൻ ആക്രമത്തിനിരയായിട്ടും ഒരു പ്രതിയെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചിരുന്നു. മറ്റ് പ്രതികളെ പൊലീസ് പിടികൂടിയില്ല. പൊലീസിൽ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും അവരുടെ കൈയും കാലും സി.പി.എം കെട്ടിയിട്ടിരിക്കുകയാണെന്നും ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി പറഞ്ഞു. കൊലയാളികളുടെ നേതാക്കളാണ് യോഗത്തിന് എത്തിയതെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു. അവരുമായി ചർച്ചയ്ക്കില്ല. പ്രതികളെ പിടികൂടിയതിന് ശേഷം മാത്രമാകാം സമാധാനയോഗമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാതലത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യു.ഡി.എഫ് നേതാക്കൾ സൂചിപ്പിച്ചു. മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുൾ ഖാദർ മൗലവി, ജില്ലാ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദ് എന്നിവരും സമാധാനയോഗത്തിന് എത്തിയിരുന്നു.

സി.പി.എമ്മിനെ പ്രതിനിധീകരിച്ച് ടി.വി. രാജേഷ് എം.എൽ.എ, സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സഹദേവൻ എന്നിവർ പങ്കെടുത്തു.

പൊലീസ് വാഹനം തടഞ്ഞു, സ്റ്റേഷൻ ഉപരോധിച്ചു

തലശ്ശേരി:മൻസൂറിനെ കൊലപ്പെടുത്തിയതിൽ പ്രകോപിതരായി പെരിങ്ങത്തൂർ ടൗണിൽ അക്രമം കാട്ടിയതിന് പിടിയിലായ പതിനാല് പ്രവർത്തകരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ്പ്രവർത്തകർ ചൊക്ളി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. കസ്റ്റഡിയിലെടുത്തവരെ കോടതിയിലേക്ക് കൊണ്ടുപോകുകയായിരുന്ന പൊലീസ് വാഹനവും തടഞ്ഞു.ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.

പ്രവർത്തകരെ പിടിച്ചു മാറ്റാൻ പൊലീസ് ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. കൂടുതൽ പൊലീസ് എത്തിയതിന് ശേഷമാണ് ഉപരോധത്തിൽ നിന്ന് പിൻമാറിയത്.പാനൂർ നഗരസഭാദ്ധ്യക്ഷൻ വി.നാസർ, പി.കെ.ഷാഹുൽ ഹമീദ്, എം.എസ്.എഫ്.സംസ്ഥാന ട്രഷറർ സി.കെ.നജാഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. നേതാക്കളുമായി നടത്തിയ ചർച്ചയിൽ പൊലീസ് വാഹനം കടന്നു പോകാൻ അനുവദിച്ചതോടെയാണ് സംഘർഷം അയഞ്ഞത്. കൊലപാതകം അംഗീകരിക്കില്ല: കോടിയേരി തലശേരി: കൊലപാതകം ആര് നടത്തിയാലും അംഗീകരിക്കില്ലെന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയുണ്ടാവണമെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കാൻ പാർട്ടി പ്രവർത്തകർ മുൻകൈയെടുക്കണം. ഒരു തരത്തിലുള്ള പ്രകോപനത്തിനും ആരും പെട്ടുപോകരുത്. എന്തെല്ലാം പ്രകോപനമുണ്ടായാലും കൊലപാതകത്തിലേക്ക് ഒരു സംഭവവും എത്താൻ പാടില്ലെന്ന് കോടിയേരി പറഞ്ഞു. തലശേരിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയസംഘർഷങ്ങൾ അവസാനിപ്പിക്കാൻ തുറന്ന ചർച്ചക്ക് ഞങ്ങൾ തയാറായിട്ടുണ്ട്. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ നേതാക്കൾ തമ്മിൽ ചർച്ചനടത്തിയിരുന്നു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം രാഷ്ട്രീയ കൊലപാതകങ്ങൾ കുറഞ്ഞു. ഒരു കാരണവശാലും വീടുകളിലും പാർട്ടി ഓഫീസുകളിലും കയറിയുള്ള അക്രമമുണ്ടാവരുത്. സമാധാനയോഗം ബഹിഷ്‌കരിച്ചത് പോലുള്ള നിലപാടുകൾ ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയപ്രസ്ഥാനം സ്വീകരിക്കാൻ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. മൻസൂറിന്റെ കൊലപാതകം ആസൂത്രിതം: പി.എം.എ സലാം കൊച്ചി: പാനൂരിലെ മൻസൂറിന്റെ കൊലപാതകം ആസൂത്രിതവും സി.പി.എമ്മിന്റെ ഉന്നതനേതാക്കളുടെ അറിവോടെയുമാണെന്ന് മുസ്ളിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി.എം.എ സലാം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊലപാതകത്തിന് മുമ്പുള്ള ഡി.വൈ.എഫ്‌.ഐ നേതാവിന്റെ വാട്ട്സ്ആപ്പ് സ്റ്റാറ്റസും കൊലപാതകത്തിന് ശേഷമുള്ള പി.ജയരാജന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റും ഗൂഢാലോചനയിലേക്കാണ് വിരൽചൂണ്ടുന്നത്. കൊലയാളികളെ പിടികൂടുന്നതിൽ നിസംഗമായ നിലപാടാണ് പൊലീസിന്റേത്. പ്രതികളെ നാട്ടുകാരും ആക്രമണത്തിനിരയായവരും ചണ്ടിക്കാട്ടിയിട്ടും അറസ്റ്റ് ചെയ്യാത്തത് പ്രതിഷേധാർഹമാണ്. കേസിൽ നേരായ അന്വേഷണം നടന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധം തുടരുമെന്ന് സലാം പറഞ്ഞു.