കാസർകോട്: കൊവിഡ് പെരുമാറ്റച്ചട്ടം സർക്കാർ ഓഫീസുകളിൽ കർശനമാക്കുന്നതിന്റെ ഭാഗമായി ലഘുലേഖയുമായി ബോധവത്കരണത്തിന് സിവിൽ സ്‌റ്റേഷനുകളിലെ ഓഫീസുകളിൽ നേരിട്ടെത്തി കാസർകോട് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു. കൊവിഡ് വ്യാപനം കൂടാനുള്ള സാദ്ധ്യത മുൻനിർത്തി ഓഫീസുകളിൽ മാസ്‌ക് ഉപയോഗം കർശനമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ജില്ലാ കളക്ടർ മുന്നറിയിപ്പില്ലാതെ ഓഫീസുകളിലെത്തിയത്.
മാസ്‌ക് ഇടാതെയും പകുതി താഴ്ത്തിയും ഓഫീസുകളിൽ ഇരുന്നവർക്ക് കളക്ടർ കർശന മുന്നറിയിപ്പ് നൽകി. പ്രതിരോധ കുത്തിവയ്പ്പ് എടുത്തെങ്കിലും കൊവിഡിനോട് അലസ മനോഭാവം പാടില്ലെന്ന മുന്നറിയിപ്പായി, സിവിൽ സ്‌റ്റേഷനിലെ പടികൾ കയറിയിറങ്ങി വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കളക്ടർ നടത്തിയ സന്ദർശനം. കളക്ടറേറ്റിൽ മുഴുവൻ സെക്ഷനുകളിലും വിവിധ വകുപ്പുകളുടെ പത്തോളം ഓഫീസുകളിലും കളക്ടർ നേരിട്ടെത്തി.
ജീവനക്കാർക്കായി നൽകിയ പ്രധാന നിർദേശങ്ങൾ:
ശരിയായ രീതിയിൽ മാസ്‌ക് ധരിക്കുക
രണ്ട് മീറ്റർ ശാരീരിക അകലം പാലിക്കുക
ഒരുമിച്ചിരുന്ന് ഭക്ഷണം , ആഘോഷച്ചടങ്ങ് ഒഴിവാക്കുക
ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുക
പൊതുജനങ്ങളുടെ പ്രവേശനം നിയന്ത്രണങ്ങൾ പാലിച്ചുമാത്രം
എല്ലാ ഓഫീസിലും നോഡൽ ഓഫീസറെ ചുമതലപ്പെടുത്തുക
.