തലശ്ശേരി: മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ ചൊക്ലി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ടൗണിൽ അക്രമം നടത്തിയതിന് ചൊക്ലി പൊലീസ് പിടികൂടിയ 14 ലീഗ് പ്രവർത്തകരെ വിട്ടു നൽകണമെന്നാവശ്യപ്പെട്ടാണ് ഉപരോധം നടത്തിയത്. കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ കോടതിയിൽ കൊണ്ടുപോകാനും ഉപരോധക്കാർ സമ്മതിച്ചില്ല. ഇതേ തുടർന്ന് ഏറേനേരം പ്രദേശത്ത് സംഘർഷാന്തരീക്ഷം ഉടലെടുത്തു.
യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കബറടക്കത്തിന് ശേഷം പെരിങ്ങത്തൂർ മേഖലയിൽ വ്യാപക അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 14 ഓളം യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പെരിങ്ങത്തൂരിലെ മുസ്ലീം യൂത്ത് ലീഗ് പ്രവർത്തകർ ചൊക്ലി പൊലീസ് സ്റ്റേഷനിലെത്തിയത്. കസ്റ്റഡിയിലെടുത്തവരെ കോടതിയിലേക്ക് കൊണ്ടുപോവാനായി തയ്യാറാക്കിയ വാഹനവും പ്രതിഷേധക്കാർ തടഞ്ഞു. പ്രവർത്തകരെ പിടിച്ചു മാറ്റാൻ പൊലീസ് ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. കൂടുതൽ പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. പാനൂർ നഗരസഭാദ്ധ്യക്ഷൻ വി. നാസർ, പി.കെ. ഷാഹുൽ ഹമീദ്, എം.എസ്.എഫ്.സംസ്ഥാന ട്രഷറർ സി.കെ.നജാഫ് എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി. ഏറെ നേരത്തെ ചർച്ചകൾക്കൊടുവിൽ പൊലീസ് വാഹനം കടന്നുപോകാൻ പ്രവർത്തകർ അനുവദിച്ചു.