കണ്ണൂർ: പുല്ലുക്കര പാറാലിൽ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിനെ ക്രൂരമായി വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ, കൊലപാതകത്തിന് നേതൃത്വം കൊടുത്തവരുടെ നേതാക്കളുമായി സമാധാന ചർച്ചക്കില്ലെന്ന് ജില്ലാ കളക്ടറേറ്റിലെ സമാധാന ചർച്ച ബഹിഷ്‌ക്കരിച്ച് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു. സി.പി.എം നേതാക്കളുടെ പിൻബലത്തിൽ ആസൂത്രണം ചെയ്തതാണ് മൻസൂറിന്റെ കൊലപാതകം.
ഡി.വൈ.എഫ്.ഐ മേഖലാ ട്രഷറർ സുഹൈലിന്റെ നേതൃത്വത്തിലാണ് കൊലപ്പെടുത്താനുള്ള
ആയുധങ്ങൾ സംഘടിപ്പിച്ചതും കൊലപാതകത്തിന് മുൻകൈ എടുത്തതും. കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ മുഹസിനും നാട്ടുകാരും സംഭവ സ്ഥലത്ത് നിന്ന് പിടിച്ചു കൊടുത്ത പ്രതിയെ അല്ലാതെ മറ്റൊരാളെപ്പോലും അറസ്റ്റ് ചെയ്യാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. കൃത്യത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളെയും മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്യാനുള്ള സാദ്ധ്യതകൾ ഉണ്ടെന്നിരിക്കെ പ്രതികൾ രക്ഷപ്പെടുന്നതിന് പൊലീസ് സഹായം ചെയ്യുകയാണെന്നും സതീശൻ പാച്ചേനി ആരോപിച്ചു.