കണ്ണൂർ: പാനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും സംഭവ സ്ഥലത്ത് വെച്ച് മൻസൂറിന്റെ ജ്യേഷ്ഠൻ മുഹസിൻ പിടിച്ചു പൊലീസിനെ ഏൽപിച്ച ഒരു പ്രതിയുടെ അറസ്റ്റ് മാത്രമാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. പതിനൊന്നോളം പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞിട്ടും അതിൽ ഒരാളെ പോലും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല. എന്നാൽ വിരോധാഭാസമെന്ന് പറയട്ടെ ,മൻസൂറിന്റെ കബറടക്കത്തിന് ശേഷം ഉണ്ടായ അനിഷ്ട സംഭവങ്ങളെ തുടർന്ന് ഏതാനും സി.പി.എം ഓഫീസുകൾ തകർക്കപ്പെട്ടതിന്റെ പേരിൽ 24 മുസ്ലിം ലീഗ് പ്രവർത്തകരെ പൊലീസ് വളഞ്ഞ് പിടിക്കുകയും മൃഗീയമായി മർദ്ദിച്ച് തലതല്ലിപ്പൊട്ടിച്ച് അവർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിൽ കഴിയുകയുമാണ്.

അവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷനിൽ എത്തിയ പാർട്ടി നേതാക്കളെയും പ്രവർത്തകരെയും കൊളവല്ലൂർ പൊലീസ് ആട്ടിപ്പായിക്കുകയാണുണ്ടായത്. പൊലീസിന്റെ ഈ നീതി നിഷേധത്തിനെതിരെ യു.ഡി.എഫ്.പ്രക്ഷോഭം ആരംഭിക്കും. പഞ്ചായത്ത് തലങ്ങളിൽ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിക്കുമെന്ന് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുൽ ഖാദർ മൗലവി, ജില്ലാ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദ്, ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽകരീം ചേലേരി എന്നിവർ സമാധാനയോഗത്തിൽ വ്യക്തമാക്കി.