നീലേശ്വരം: ആറ് വർഷമായി അറ്റകുറ്റപ്പണി ചെയ്യാത്ത തെരു റോഡിന് ശാപമോക്ഷം. നഗരസഭ അനുവദിച്ച രണ്ടുലക്ഷം ഉപയോഗിച്ചാണ് തെരു റോഡ് അറ്റകുറ്റപ്പണി ചെയ്യുന്നത്.

മുൻ ഭരണസമിതിയുടെ കാലത്ത് നഗരത്തിലെ തിരക്ക് ഒഴിവാക്കാൻ തെരു റോഡ് വഴി വൺവേ സംവിധാനം ഏർപ്പെടുത്തിയിരുന്നു.

വലിയ വാഹനങ്ങൾ മെയിൻ ബസാർ വഴി തെരു റോഡിൽ കൂടി തിരിച്ച് വിടാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ നഗരസഭയുടെ ഈ തീരുമാനത്തിനെതിരെ പ്രദേശത്തെ ക്ഷേത്രകമ്മിറ്റി കോടതിയിൽ നിന്ന് സ്റ്റേ സമ്പാദിക്കുകയായിരുന്നു. ഇതോടെ നഗരസഭ തീരുമാനത്തിൽ നിന്ന് പിൻതിരിഞ്ഞു. എന്നാൽ ഇതിന് ശേഷം തെരു റോഡിൽ അറ്റകുറ്റപണി നടന്നിരുന്നില്ല.

ഇതുമൂലം തെരുറോഡിൽ കൂടിയുള്ള യാത്രയും ദുസ്സഹമായിരുന്നു. കഴിഞ്ഞ രണ്ടു വർഷത്തെ പേമാരിയിൽ പൊട്ടിപൊളിഞ്ഞ റോഡിൽ വൻകുഴികൾ രൂപപ്പെടുകയും ചെയ്തു. റോഡ് പൊട്ടിപൊളിഞ്ഞതോടെ യാത്രക്കാർ നഗരസഭക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നു. ഇതോടെയാണ് നഗരസഭ ഫണ്ടുപയോഗിച്ച് അറ്റകുറ്റപ്പണി പൂർത്തിയാക്കിയത്.