pot
കണ്ണൂർ പൊലീസ് മൈതാനിയിലെ മൺപാത്ര വിൽപ്പനയിൽ നിന്ന്

കണ്ണൂർ:വിഷുസീസൺ പ്രതീക്ഷിച്ച് പതിവുപോലെ മൺപാത്രങ്ങളുമായെത്തിയിരിക്കയാണ് പേരാവൂരിൽ നിന്നുള്ള പരമ്പരാഗത കച്ചവടക്കാർ.കൊവിഡിനെ തുടർന്ന് കഴിഞ്ഞ വർഷത്തെ ഉത്പ്പന്നങ്ങളിൽ ഒന്നുപോലും വിറ്രഴിക്കാൻ കഴിയാതെ പ്രതിസന്ധിയിലായ ഇവർക്ക് ഇക്കുറി വിഷുവിപണി വലിയ പ്രതീക്ഷയാണ് നൽകുന്നത്. കണ്ണൂർ പൊലീസ് മൈതാനിയിലാണ് വൈവിധ്യമാർന്ന മൺപാത്രങ്ങളുടെ കച്ചവടം.ഇവരുടെ പ്രതീക്ഷ പോലെ നിരവധിയാളുകൾ കലങ്ങൾ വാങ്ങാൻ എത്തുന്നുണ്ട്.

ചീനചട്ടിമുതൽ വലിയ ഉരുളി വരെ വിൽപ്പനയ്ക്കുണ്ട്.കഴിഞ്ഞ 22 വർഷമായി ഒാണം,വിഷു സീസണുകളിൽ ഇവർ മുടങ്ങാതെ കണ്ണൂരിൽ ഇവരുടെ സാന്നിദ്ധ്യമുണ്ട്. 30 മുതൽ 1600 രൂപ വരെയാണ് വില.സ്പൂൺ,കപ്പ്,ചീനച്ചട്ടി,പാൻ ,ചട്ടി തുടങ്ങി വീടിന് മുന്നിൽ തൂക്കിയിടാൻ കഴിയുന്ന മണികളും വിവിധ അലങ്കാര വസ്തുക്കളും ഇവിടെയുണ്ട്.കറിച്ചട്ടിക്ക് 60 മുതൽ 1600 രൂപ വരെയാണ് വില.ഗ്യസിലും ഒാവനിലും ഉപയോഗിക്കാൻ കഴിയുന്നവയുമുണ്ട്.വേനൽക്കാലമായത് കൊണ്ട് മൺകൂജയ്ക്ക് ആവശ്യക്കാർ നിരവധിയെത്തുന്നണ്ടെന്ന് മൺപാത്ര നിർമ്മാണ തൊഴിലാളി പുഷ്പ്പരാജൻ പറഞ്ഞു.200 മുതൽ 1100 രൂപ വരെയുള്ള കൂജകളാണ് വിൽപ്പനയ്ക്കുള്ളത്.പല വലിപ്പത്തിലുള്ള കൃഷ്ണ വിഗ്രഹവും വിൽപ്പനയ്ക്കുണ്ട്.ചക്രത്തിലും മിഷ്യനിലുമാണ് ഇവ തയ്യാറാക്കിയെടുക്കുന്നത്.

മുൻപ് 40 ഒാളം കുടുംബങ്ങൾ പോരാവൂർ മേഖയിൽ മൺപാത്ര നിർമ്മാണത്തിലേർപ്പെട്ടിരുന്നു.എന്നാൽ ഇപ്പോൾ വെറും നാലോ അഞ്ചോ കുടുംബങ്ങൾ മാത്രമാണ് ഇവിടെ മൺപാത്രങ്ങൾ നിർമ്മിക്കുന്നത്.പുതിയ തലമുറ ഈ രംഗത്ത് അധികമൊന്നുമില്ല.പാത്രങ്ങൾ നിർമ്മിക്കാനുള്ള മണ്ണ് അവശ്യാനുസരം കിട്ടാത്തതാണ് ഇവർ നേരിടുന്ന വെല്ലവിളി. .തമിഴ്നാട്ടിൽ നിന്നും കർണ്ണാടകയിൽ നിന്നും ഏതാനും കച്ചവടക്കാരും ആഴ്ച്ചകൾക്ക് മുൻപേ കണ്ണൂർ സ്റ്റേഡിയം ഭാഗത്ത് മൺപാത്രവുമായെത്തയിട്ടുണ്ട്.കുറഞ്ഞ വിലയ്ക്ക് ഇവർ മൺപാത്രങ്ങൾ വിൽക്കുന്നത് പേരാവൂരുകാർക്ക് വലിയ നഷ്ടമാണ്.തമിഴ് നാട്ടിൽ മണ്ണ് വ്യാപകമായി കിട്ടാനുണ്ടെന്നും എന്നാൽ നമ്മുടെ നാട്ടിൽ ഉണ്ടാക്കുന്നത്രയും ഗുണമേന്മ ഈ പാത്രങ്ങൾക്കില്ലെന്നും കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നു.

സർക്കാർ സഹായമില്ല

ലോക്ക് ഡൗൺ കാലത്ത് മൺപാത്ര തൊഴിലാളികൾക്ക് സർക്കാർ 1000 രൂപ സഹായം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കച്ചവടക്കാർ പറഞ്ഞു. പ്രളയത്തെയും കൊവിഡിനെയും തുടർന്ന് ഉണ്ടാക്കിയ സാധനങ്ങളെല്ലാം കെട്ടികിടക്കുന്ന സ്ഥിതിയായിരുന്നു.ഇവ വിറ്റഴിക്കാൻ സർക്കാർ തലത്തിൽ മറ്റ് സംവിധാനങ്ങളൊന്നും തന്നെ ഒരുക്കിയിരുന്നില്ല.

കഴിഞ്ഞ വർഷത്തെ ഉത്പ്പന്നങ്ങൾ അതേ പടി കെട്ടികിടക്കുകായിരുന്നു.സർക്കാർ സഹായമൊന്നും ലഭിച്ചിട്ടില്ല.

വിഷു സീസൺ മാത്രമാണ് ഇനിയുള്ള പ്രതീക്ഷ .

പുഷ്പരാജൻ,പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളി