കൂത്തുപറമ്പ് (കണ്ണൂർ):കനറാ ബാങ്ക് കൂത്തുപറമ്പ് തൊക്കിലങ്ങാടി ബ്രാഞ്ച് മാനേജർ കെ.എസ്.സ്വപ്നയെ (38) ബാങ്കിൽ തൂങ്ങിമരിച്ച നിലയിൽ ഇന്നലെ രാവിലെ എട്ടരയോടെ കാണപ്പെട്ടു. എട്ട് മണിയോടെ ബാങ്ക് തുറന്നു കയറുന്നത് കണ്ടവരുണ്ട്. ഓഫീസിലെത്തിയ ജീവനക്കാരിയാണ് സ്വപ്നയെ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടത്. ഇവർ വിളിച്ചറിയിച്ചതിനെ തുടർന്നെത്തിയ സഹപ്രവർത്തകർ കൂത്തുപറമ്പ് പൊലീസിന്റെ സഹായത്തോടെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദം മൂലം ആത്മഹത്യ ചെയ്യുകയാണെന്ന് എഴുതിയ സ്വപ്നയുടേതെന്ന് കരുതുന്ന ഡയറിക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. ബാങ്കിലെ സി.സി.ടി.വി പൊലീസ് പരിശോധിക്കുകയാണ്.
തൃശൂർ മുതുവറ കരുമാംപറമ്പിൽ പരേതനായ സുദോധനൻ- സുധ ദമ്പതികളുടെ മകളാണ് സ്വപ്ന. തോട്ടപ്പടി സാബു നിവാസിൽ പരേതനായ സാബുവാണ് ഭർത്താവ്. ബിസിനസുകാരനായ സാബു ഒരു വർഷം മുമ്പ് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്.
സാബുവിന്റെ മരണശേഷം മണ്ണുത്തി ഡി.ഡി പടിയിൽ സ്വപ്നയും മക്കളും പുതിയ വീട് വാടകയ്ക്കെടുത്ത് താമസിച്ചു വരികയായിരുന്നു. ഇതിനിടെ കഴിഞ്ഞ സെപ്തംബറിലാണ് പ്രൊമോഷനായി കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ സ്വപ്നയെത്തിയത്. വിദ്യാർത്ഥികളായ നിരഞ്ജൻ, നിവേദിത എന്നിവർക്കൊപ്പം ബാങ്കിനടുത്ത് വാടക വീട്ടിൽ താമസവുമാക്കി. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം നാട്ടിലെത്തിച്ചു. സംസ്കാരം ഇന്ന്.