പാനൂർ (കണ്ണൂർ): യൂത്ത് ലീഗ് പ്രവർത്തകൻ പാറാൽ മൻസൂർ (22) വോട്ടെടുപ്പു ദിവസം കൊല്ലപ്പെട്ടതിനു പിന്നിൽ സി.പി.എം ഗൂഢാലോചന ആരോപിക്കപ്പെടുകയും, ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ രാഷ്ട്രീയ പക്ഷപാതത്തെക്കുറിച്ച് ആക്ഷേപമുയരുകയും ചെയ്യുന്നതിനിടെ, കേസിലെ രണ്ടാംപ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ കുരുക്കു മുറുക്കുന്നു.
മൻസൂറിന്റെ അയൽവാസിയും സി.പി.എം പ്രവർത്തകനുമായ പുല്ലൂക്കര കൂലോത്ത് രതീഷിനെയാണ് (35) ഇന്നലെ വൈകിട്ട് കോഴിക്കോട് ജില്ലയിലെ വളയം ചെക്യാട് പഞ്ചായത്തിൽ, കൂളിപ്പാറയിലെ ഒഴിഞ്ഞ പറമ്പിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വർക്ക്ഷോപ്പിലെ വെൽഡിംഗ് ജീവനക്കാരനായിരുന്ന രതീഷ് ഉൾപ്പെടെ ഒളിവിൽപ്പോയ സംഘത്തിനായി അന്വേഷണസംഘം തെരച്ചിലിലായിരുന്നു. വീട്ടിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയ സ്ഥലം. രതീഷ് ഈ പ്രദേശത്ത് ഒളിവിലിരിക്കുകയായിരുന്നു എന്നാണ് പൊലീസ് കരുതുന്നത്.
ബോംബെറിഞ്ഞും വെട്ടിയും മൻസൂറിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ ഷിനോസിന്റെ മൊബൈൽ ഫോണിൽ നിന്ന് രതീഷ് ഉൾപ്പെടെയുള്ള പ്രതികളുടെ മൊബൈലിലേക്ക് നിരവധി തവണ വിളിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ആയുധങ്ങൾ എത്തിക്കുന്നതിലും കൃത്യം നടപ്പാക്കുന്നതിലും പ്രതികൾക്കുള്ള പങ്കു സംബന്ധിച്ച നിർണായക വിവരങ്ങൾ ഫോണിൽ നിന്ന് ലഭിച്ചതായാണ് സൂചന. സംഭവത്തിൽ ഉന്നത ഗൂഢാലോചനയുണ്ടെന്ന ആക്ഷേപത്തിന് ബലം പകരുന്നതാണ് ചില തെളിവുകളെന്ന് സംശയിക്കപ്പെടുന്നു.
ഷിനോസും മൻസൂറിന്റെ സഹോദരൻ മൊഹ്സിനും നൽകിയ വിവരമനുസരിച്ച് രതീഷിനെ അന്വേഷിച്ച് പൊലീസ് രണ്ടു തവണ വീട്ടിലെത്തിയിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞിട്ടും പിടികൂടാത്തതിൽ പ്രതിഷേധം ശക്തമാവുകയും, അന്വേഷണസംഘത്തെ മാറ്റണമെന്ന് മുസ്ളിം ലീഗും കോൺഗ്രസും ആവശ്യമുന്നയിക്കുകയും ചെയ്ത് പ്രക്ഷോഭത്തിനൊരുങ്ങുന്നതിനിടെയാണ് രതീഷിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പാനൂരിൽ ഇന്നു നടക്കുന്ന യു.ഡി.എഫ് പ്രതിഷേധ സംഗമത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുസ്ളിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും.
ബോംബ് എത്തിക്കാൻ വാട്സ് ആപ് സന്ദേശം
ആക്രമണത്തിന് ബോംബും വടിവാളുകളും ശേഖരിച്ചത് വാട്സ് ആപ്പ് വഴി
ഒളിവിൽ കഴിയുന്ന പ്രതികളെ ഈ ഫോണിൽ നിന്ന് വിളിച്ചു
ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ വീണ്ടെടുക്കാൻ പൊലീസ് ശ്രമം
പ്രതികളെ തെരയാൻ അന്വേഷണ സംഘത്തെ രണ്ടായി തിരിച്ചു
അന്വേഷണത്തിൽ വിശ്വാസമില്ല: ലീഗ്, കോൺഗ്രസ്
മൻസൂർ വധക്കേസിൽ സർക്കാർ നിയോഗിച്ച ക്രൈംബ്രാഞ്ച് സംഘത്തിലുള്ളത് സി.പി.എമ്മിന്റെ ആജ്ഞാനുവർത്തികളാണെന്ന് മുസ്ളിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഈ അന്വേഷണത്തിൽ വിശ്വാസമില്ല. മൻസൂറിന്റെ കുടുംബത്തിന് നീതിക്കായി ഏതറ്റം വരെയും പോകും. അന്വേഷണം എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനു നൽകണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
പൊലീസിലെ ക്രിമിനൽ സംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തണമെന്നും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ പ്രതികരിച്ചു.
കൊലപാതകക്കേസിൽ ഉൾപ്പെട്ട മുഴുവൻ പേരെയും തുടർന്നുള്ള അക്രമസംഭവങ്ങളിൽ പങ്കെടുത്തവരെയും ഉടൻ പിടികൂടും.
ആർ. ഇളങ്കോ
കണ്ണൂർ സിറ്റിപൊലീസ് കമ്മിഷണർ