kovid

പയ്യന്നൂർ : കൊവിഡ് രണ്ടാം ഘട്ട വ്യാപനം രൂക്ഷമാകുന്നതിന്റെ അടിസ്ഥാനത്തിൽ നടപടികൾ കടുപ്പിച്ച് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ. അടിയന്തിര യോഗം വിളിച്ചുചേർത്ത് കൊവിഡ് വ്യാപനം തടയുന്നതിനുള്ള കർശനനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുണ്ട്.

പയ്യന്നൂർ നഗരസഭ പരിധിയിൽ നിയന്ത്രണം കർശനമാക്കുവാൻ നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിതയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും വിവിധ സംഘടനാ നേതാക്കളുടെയും യോഗം തീരുമാനിച്ചു.

പൊലീസ്​,ആരോഗ്യ വിഭാഗം എന്നിവരുടെ ഭാഗത്തു നിന്നും പരിശോധന കർശനമാക്കും. മാസ്​ക്​ ധരിക്കൽ , സാമൂഹിക അകലം പാലിക്കൽ എന്നിവ ഉറപ്പാക്കും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി ഉൾപ്പെടെ കർശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു. പയ്യന്നൂർ ഗവ. ബോയ്സ് ഹൈസ്കൂളിലും, മുത്തത്തി നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിലും നടക്കുന്ന വാക്സിനേഷൻ കാമ്പയിനിൽ 45 വയസ്സിന് മുകളിൽ പ്രായമുള്ളവർ എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് ചെയർപേഴ്സൺ അഭ്യർത്ഥിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ഏഴ്​ ദിവസത്തെ ക്വാറന്റീൻ കർശനമാക്കും. കടകളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാരിലും, പൊതുജനങ്ങളിലും മാസ്ക് നിർബന്ധമാക്കും.

വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് രാജേഷ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.പി.മോഹനൻ, സുബൈർ, ഡപ്യൂട്ടി തഹസിൽദാർ രാജൻ, പോലീസ് സർക്കിൾ ഇൻസ്പെക്ടർ എം.സി.പ്രമോദ്, ചേമ്പർ ഓഫ് കോമേഴ്സ് , വ്യാപാരി വ്യവസായി, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്, കേരള റീറ്റെയിൽഫൂട്ട് വേയർ അസോസിയേഷൻ തുടങ്ങിയവയുടെ പ്രതിനിധികൾ പങ്കെടുത്തു. ​

കാഞ്ഞങ്ങാട്ട് നിയന്ത്രണമേർപ്പെടുത്തി

കാഞ്ഞങ്ങാട്: കൊവിഡ് രോഗികളുടെ എണ്ണം അനുദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കാഞ്ഞങ്ങാട് നഗരത്തിൽ നിയന്ത്രണമേർപ്പെടുത്തി. ആൾക്കൂട്ടമൊഴിവാക്കുന്നതിന്റെ ഭാഗമായി വഴിയോര കച്ചവടം നിരോധിക്കാനും നഗരസഭ തിരിച്ചറിയൽ കാർഡ് നൽകിയവർക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിശ്ചിത സ്ഥലത്ത് വഴിയോര കച്ചവടം നടത്താൻ അനുമതി നൽകാനും തീരുമാനിച്ചു. രാത്രി കാലങ്ങളിൽ തട്ടുകടകൾക്ക് നിയന്ത്രണമേർപ്പെടുത്താനും നഗരസഭ സ്റ്റിയറിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.

നഗരസഭയിലെ മുഴുവൻ വാർഡുകളിലും തിങ്കളാഴ്ചകളിൽ ഡ്രൈഡെ ആചരിക്കും. ആർ. ടി. പി .സി. ആർ ടെസ്റ്റിന്റെയും വാക്‌സിനേഷൻ ക്യാമ്പുകളുടെയും എണ്ണം വർദ്ധിപ്പിക്കാനും യോഗം തീരുമാനിച്ചു. ചെയർപേഴ്‌സൻ കെ.വി സുജാത അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അബ്ദുള്ള ബിൽടെക്ക്, സ്ഥിരം സമിതി ചെയർപേഴ്‌സൺമാരായ സി ജാനകിക്കുട്ടി, പി അഹമ്മദലി, കെ.വി സരസ്വതി, കെ.അനീശൻ, കെ.വി മായാകുമാരി , സെക്രട്ടറി എം.കെ ഗിരിഷ് എന്നിവർ പ്രസംഗിച്ചു.

കണ്ണൂരിൽ ഇന്നലെ

രോഗബാധിതർ 478

.രോഗമുക്തി 292
ചികിത്സയിൽ 3794
വീടുകളിൽ 3595
ആശുപത്രികളിൽ 199
നിരീക്ഷണത്തിൽ 17234