കണ്ണൂർ: ഫെഡറേഷൻ ഒഫ് റസിഡന്റ്സ് അസോസിയേഷൻ, ആസ്റ്റർ മിംസ് കണ്ണൂർ, ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്സ് എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിലെ റസിഡന്റ്സ് അസോസിയേഷനുകളിൽ ഹരിത ആരോഗ്യ ഭവനം സമ്പൂർണ ശുചിത്വ ആരോഗ്യ പദ്ധതിക്ക് തുടക്കമിടുകയാണ്. 'നല്ല വീട്, നല്ല നാട്" എന്ന പേരിൽ നടത്തുന്ന പരിപാടിയിൽ കാർഷിക പ്രവർത്തനങ്ങൾ, സാന്ത്വന പരിചരണം, സ്ത്രീ ശാക്തീകരണം, ആരോഗ്യക്ഷേമ പരിപാടികൾ, പരിസ്ഥിതി സംരക്ഷണം, ഊർജ്ജ സംരക്ഷണം, ബാലവേദി കൂട്ടായ്മ എന്നിവയുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ മികച്ച പ്രവർത്തനം കൈവരിച്ച റസിഡന്റ്സ് അസോസിയേഷനുകൾക്ക് 100000, 50000, 25000 രൂപ കാഷ് അവാർഡും തിരഞ്ഞെടുക്കുന്ന അഞ്ച് റസിഡന്റ്സ് അസോസിയേഷനുകൾക്ക് 5000 രൂപ പ്രോത്സാഹന സമ്മാനവും നല്കും. മികച്ച ഒരു വീടിനും അവാർഡ് സമ്മാനിക്കും. റസിഡന്റ്സ് അസോസിയേഷനുകൾക്ക് ബി.എൽ.എസ് ട്രെയിനിംഗുകളും ആരോഗ്യ ക്ളാസുകളും അസോസിയേഷൻ അംഗങ്ങൾക്ക് ആസ്റ്റർ മിംസ് ഫാമിലി കാർഡുകളും വിതരണം ചെയ്യും. പദ്ധതി ഉദ്ഘാടനം ഇന്ന് പുതിയ ബസ് സ്റ്റാൻഡിലെ ബ്രോഡ് വീനിൽ രാവിലെ 11 മണിക്ക് മേയർ അഡ്വ. ടി.ഒ മോഹനൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ലോഗോ പ്രകാശനം ചെയ്യും.